'സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മിച്ചു'; ബിജെപി നേതാക്കള്‍ക്കെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍

'സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മിച്ചു'; ബിജെപി നേതാക്കള്‍ക്കെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍

തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്റെ മറവില്‍ വീട് നിര്‍മിച്ചുവെന്ന ആക്ഷേപവുമായി ബിജെപി നേതാക്കള്‍ക്കെതിരെ തിരുവനന്തപുരത്ത് പോസ്റ്ററുകള്‍. വി വി രാജേഷ്, സി ശിവന്‍കുട്ടി, എം ഗണേശന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം.

ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി തൈക്കാട് നിര്‍മ്മിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിനായി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഇന്ന് തലസ്ഥാനത്തെത്താനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഈ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സേവ് ബിജെപി ഫോറം എന്ന പേരിലാണ് പോസ്റ്റര്‍.

വി.വി രാജേഷ്, സി.ശിവന്‍കുട്ടി, എം.ഗണേശന്‍ എന്നിവര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതി ജില്ലാ കമ്മിറ്റി ഓഫീസ്, സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ പതിച്ചിട്ടുള്ള പോസ്റ്ററുകളില്‍ ആരോപിക്കുന്നു.

സംസ്ഥാന ഓഫീസ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക, ഉത്തരവാദികളായ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക, ചില സംസ്ഥാന നേതാക്കള്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുക തുടങ്ങി ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് ബിജെപി ദേശിയ അധ്യക്ഷന്‍ ജെ.പി നഡ്ഡ കേരളത്തിലെത്തിയത്. കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാകാത്തതില്‍ പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ക്ക് വലിയ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ദേശിയ അദ്ധ്യക്ഷന്റെ കേരള സന്ദര്‍ശനം.

അടുത്തിടെ കേരളത്തിലെത്തിയ പ്രധാന മന്ത്രിക്ക് സംസ്ഥാന ഘടകത്തെ കുറിച്ച് നല്ല റിപ്പോര്‍ട്ടുകളല്ല ലഭിച്ചത്. വിശ്വാസ്യതയുള്ള നേതൃത്വം ഇല്ലെന്നതാണ് പാര്‍ട്ടി നേരിടുന്ന പ്രധാനവെല്ലുവിളിയെന്നാണ് ഒരു വിഭാഗം പ്രധാന മന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.