ട്രിപ്പിൾ വിൻ: നഴ്സുമാരാകാൻ അയോണയും ജ്യോതിയും ജർമ്മനിയിലേയ്ക്ക്

ട്രിപ്പിൾ വിൻ: നഴ്സുമാരാകാൻ അയോണയും ജ്യോതിയും ജർമ്മനിയിലേയ്ക്ക്

തിരുവനന്തപുരം: ജർമ്മനിയും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി മുഖേന നഴ്‌സിങ്ങ് മേഖലയില്‍ നിയമനം ലഭിച്ചവരുടെ ആദ്യ സംഘം ജർമ്മനിയിലേയ്ക്ക് യാത്രതിരിച്ചു. കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചില്‍ നിന്നുളള കോട്ടയം സ്വദേശി അയോണ ജോസ് , തൃശ്ശൂര്‍ സ്വദേശി ജ്യോതി ഷൈജു എന്നിവരാണ് ആദ്യ സംഘത്തിലുള്ളത്. കൊച്ചിയില്‍ നിന്നും ബംഗളൂരു വഴിയാണ് ജര്‍മ്മനിയിലേക്കുള്ള യാത്ര. സ്വപ്‌നസാക്ഷാത്കാരമാണ് ഈ യാത്രയെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഇരുവരും പറഞ്ഞു. ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ഓരോ ഘട്ടത്തിലും എല്ലാ സഹായങ്ങളും പിന്തുണയും നോര്‍ക്ക റൂട്ട്‌സിന്റെ ഭാഗത്തുനിന്നും ലഭിച്ചതിനും ഇരുവരും പ്രത്യേകം നന്ദി അറിയിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി ശ്രീരാമകൃഷ്ണൻ വിമാനടിക്കറ്റുകള്‍ കൈമാറിയിരുന്നു. കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലെ ആരോഗ്യമേഖലയിലേ്ക്ക് റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ 2021 ഡിസംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സും, ജര്‍മ്മന്‍ ഗവണ്‍മെന്റും ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെച്ചത്. തുടര്‍ന്ന് 2022 മെയ് മാസത്തിലായിരുന്നു ആദ്യ ഇന്റര്‍വ്യൂ.

പദ്ധതിയുടെ ഭാഗമായി കേരളത്തിലും ജര്‍മ്മനിയില്‍ എത്തിയശേഷവുമുളള ജര്‍മ്മന്‍ ഭാഷാ പഠനവും, യാത്രാചെലവുകള്‍, റിക്രൂട്ട്‌മെന്റ് ഫീസ് എന്നിവയും പൂര്‍ണ്ണമായും സൗജന്യമാണ്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമുളള ഗോായ്ഥേ സെന്ററിലാണ് ജര്‍മ്മന്‍ ഭാഷാ പഠനം. പദ്ധതിയുടെ ഭാഗമായി തിരിഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാഷാ പഠന കാലയളവിലുള്‍പ്പെടെ സ്റ്റൈപ്പെന്റ് ലഭ്യമാക്കുന്നതും ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ പ്രത്യേകതയാണ്. 

നിലവില്‍ ജര്‍മ്മനിയിലേയ്ക്ക തിരിച്ച അയോണ ജോസും, ജ്യോതി ഷൈജുവും ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്‌മെന്റ് വഴിയാണ് നിയമനം ലഭിച്ചത്. നിലവില്‍ മൂന്നാമത്തെ ബാച്ചിന്റെ നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. ആദ്യ ബാച്ചില്‍ നിന്നുളള നാലു നഴ്സുമാര്‍ കൂടി വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജര്‍മ്മനിയിലേയ്ക്ക് തിരിക്കും. നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ഗോയ്‌ഥേ സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ പഠനം നടത്തുന്ന 172 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ മാസത്തോടെ ജര്‍മ്മനിയിലേയ്ക്ക് യാത്രതിരിക്കാന്‍ കഴിയും. 

കേരള സര്‍ക്കറിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സും, ജര്‍മ്മന്‍ ഗവണ്‍മെന്റ് ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍( GIZ) എന്നിവരുടെ സഹകരണത്തോടെയാണ് ട്രിപ്പിള്‍ വിന്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇത് വഴി കേരള സര്‍ക്കാറിനും, ജര്‍മ്മനിയ്ക്കും, നഴ്‌സിങ്ങ് പ്രൊഫഷണലുകള്‍ക്കും നേട്ടമാകുമെന്നതിനാലാണ് ട്രിപ്പിള്‍ വിന്‍ എന്ന നാമകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.