കോണ്‍ഗ്രസ് അധ്യക്ഷ പദം: ഗെലോട്ട് വേണ്ടെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങള്‍; ചര്‍ച്ചകള്‍ കമല്‍നാഥിലേക്കും

കോണ്‍ഗ്രസ് അധ്യക്ഷ പദം:  ഗെലോട്ട് വേണ്ടെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങള്‍; ചര്‍ച്ചകള്‍ കമല്‍നാഥിലേക്കും

ന്യൂഡല്‍ഹി: അശോക് ഗെലോട്ടിന്റെ അപ്രതീക്ഷിത നീക്കത്തില്‍ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ടിനെ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ദിഗ് വിജയ് സിങ് എന്നിവരുടെ പേരുകളാണിപ്പോള്‍ സജീവ പരിഗണനയില്‍.

നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി രാജസ്ഥാനില്‍ തുടരുന്ന നാടകീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഗെലോട്ട് അധ്യക്ഷ പദവിക്ക് യോജിച്ചയാളല്ലെന്ന കോണ്‍ഗ്രസിലെ പൊതു വികാരമാണ് ഒറ്റ രാത്രിക്കൊണ്ട് അദ്ദേഹത്തെ ചിത്രത്തില്‍ നിന്ന് പുറത്താക്കിയത്. ഗെലോട്ടിനെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ചില അംഗങ്ങള്‍ ഇതിനോടകം സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.

അശോക് ഗെലോട്ട് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാണ് രാജസ്ഥാന്റെ സംഘടനാ ചുമതലയുള്ള അജയ് മാക്കന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുള്ളത്. ഇതോടെയാണ് പാര്‍ട്ടി അധ്യക്ഷനാകാന്‍ പുതിയ ആളെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതൃത്വം തുടങ്ങിയത്. രാജസ്ഥാനിലെ പ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിക്കുന്നതിന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ കമല്‍നാഥിനെ സോണിയ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ കമല്‍നാഥിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വന്നാല്‍ തിരഞ്ഞെടുപ്പ് ആസന്നമായ മധ്യപ്രദേശില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്നത് ചോദ്യ ചിഹ്നമാണ്. രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലും ഇതോടെ പ്രശ്നങ്ങള്‍ തുടങ്ങും. രണ്ടു സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം അവസാനം ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ കമല്‍നാഥിനോടുള്ളത്ര താല്‍പര്യം ഹൈക്കമാന്‍ഡിന് ദിഗ് വിജയ് സിങിനോടില്ല.

നിലവില്‍ ശശി തരൂര്‍ മാത്രമാണ് മത്സരിക്കാനുള്ള സന്നദ്ധത പരസ്യമാക്കിയിട്ടുള്ളത്. ഈ മാസം 30 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 30 ആണ്. അതിനുള്ളില്‍ പുതിയൊരാളെ കണ്ടെത്തുക എന്ന ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.