മതവിദ്വേഷം പരത്തുന്ന 10 യൂട്യൂബ് ചാനലുകളുടെ 45 വീഡിയോകള്‍ കേന്ദ്രം നിരോധിച്ചു

മതവിദ്വേഷം പരത്തുന്ന 10 യൂട്യൂബ് ചാനലുകളുടെ 45 വീഡിയോകള്‍ കേന്ദ്രം നിരോധിച്ചു

ന്യൂഡെല്‍ഹി: രാജ്യ താല്‍പര്യത്തിന് വിരുദ്ധവും മതവിദ്വേഷം പരത്തുന്നതുമായ 10 യൂട്യൂബ് ചാനലുകളുടെ 45 വീഡിയോകള്‍ കേന്ദ്രം നിരോധിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീഡിയോകള്‍ നിരോധിക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം യുട്യൂബിന് നിര്‍ദ്ദേശം നല്‍കി.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ചട്ടങ്ങള്‍ 2021-ന്റെ വ്യവസ്ഥകള്‍ പ്രകാരമാണ് വീഡിയോകള്‍ നിരോധിക്കാനുള്ള ഉത്തരവ് നല്‍കിയത്. മത സമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകളും മോര്‍ഫ് ചെയ്ത വീഡിയോകളും നിരോധിച്ചവയിലുണ്ട്.

ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങള്‍ ഗവണ്‍മെന്റ് എടുത്തുകളഞ്ഞുവെന്ന തെറ്റായ അവകാശവാദങ്ങള്‍, മതസമൂഹങ്ങള്‍ക്കെതിരായ അക്രമാസക്തമായ ഭീഷണികള്‍, രാജ്യത്ത് ആഭ്യന്തരയുദ്ധ പ്രഖ്യാപനം മുതലായ ഉള്ളടക്കങ്ങളാണ് നിരോധിച്ച വീഡിയോകളില്‍ ഉണ്ടായിരുന്നത്. അത്തരം വീഡിയോകള്‍ സാമുദായിക അസ്വാരസ്യം ഉണ്ടാക്കാനും സമൂഹത്തിലെ ക്രമസമാധാനം തകര്‍ക്കാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം നിരീക്ഷിച്ചു.

അഗ്നിപഥ് പദ്ധതി, ഇന്ത്യന്‍ സായുധ സേന, ഇന്ത്യയുടെ ദേശീയ സുരക്ഷാ സംവിധാനം, കശ്മീര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച വീഡിയോകളും നിരോധിച്ചവയിലുണ്ട്. ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിവ ഇന്ത്യക്ക് പുറത്ത് തെറ്റായ ബാഹ്യ അതിര്‍ത്തിയില്‍ ചിത്രീകരിച്ച ചില വീഡിയോകളും ഉണ്ട്. ഇത്തരത്തില്‍ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരമാണെന്ന് കണ്ടെത്തി.

നിരോധിച്ച വീഡിയോകളുടെ ഉള്ളടക്കം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിനും രാജ്യത്തെ പൊതുക്രമത്തിനും ഹാനികരമാണെന്ന് മന്ത്രാലയം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.