രാജസ്ഥാനിലെ രാഷ്ട്രീയ നാടകം: നിരീക്ഷകര്‍ ഇന്ന് സോണിയയ്ക്ക് റിപ്പോര്‍ട്ട് നല്‍കും

രാജസ്ഥാനിലെ രാഷ്ട്രീയ നാടകം: നിരീക്ഷകര്‍ ഇന്ന് സോണിയയ്ക്ക് റിപ്പോര്‍ട്ട് നല്‍കും

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കോണ്‍ഗ്രസ് നീരീക്ഷകര്‍ ഇന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കും. രാജസ്ഥാനില്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് എഐസിസി നിരീക്ഷകരായി നിയോഗിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ അജയ് മാക്കനുമാണ് സോണിയക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്.

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ വിശദാംശങ്ങള്‍ ഇരുവരും കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ നേരില്‍ കണ്ട് വിശദീകരിച്ചിരുന്നു. പ്രശ്‌നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി അശോക് ഗെലോട്ടാണെന്ന കണ്ടെത്തലിലാണ് ഇരുവരും. മുഖ്യമന്ത്രി ചര്‍ച്ചകള്‍ തടസപ്പെടുത്തിയതും ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അട്ടിമറിക്കപ്പെട്ടതും ഗെലോട്ടിന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് ഇരുവരും ഉറച്ചു വിശ്വസിക്കുന്നു. ഗെലോട്ട് ഗുരുതര അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് അടക്കമുള്ള കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

ഗെലോട്ടിന്റെ തിരക്കഥ അനുസരിച്ചായിരുന്നു എംഎല്‍എമാരുടെ പ്രതിഷേധം അരങ്ങേറിയത്. ഇരട്ടപദവി വേണ്ടെന്ന പരസ്യ പ്രസ്താവനയിലൂടെ നേതൃത്വത്തെ അടക്കം ഗെലോട്ട് തെറ്റിദ്ധരിപ്പിച്ചു. ഹൈക്കമാന്‍ഡ് വിളിച്ച നിയമസഭാ കക്ഷിയോഗം അട്ടിമറിച്ച് സമാന്തര യോഗത്തിന് പച്ചക്കൊടി കാട്ടിയതായും ഗെലോട്ടാണെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഗെലോട്ടിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും.

അശോക് ഗെലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റാകുന്നതോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റിന് നല്‍കണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശവും ആഗ്രഹവും. എന്നാല്‍ സച്ചിന് മുഖ്യമന്ത്രി പദം കൈമാറാന്‍ ഗെലോട്ട് സമ്മതിച്ചില്ല. പകരം തന്റെ വിശ്വസ്തര്‍ക്ക് മാത്രമേ പദവി കൈമാറൂവെന്ന് ഗെലോട്ട് നിലപാടെടുത്തു. ഗെലോട്ടിന്റെ നടപടിയില്‍ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ കടുത്ത അതൃപ്തിയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.