തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച്ച തുടങ്ങാനിരിക്കെ പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമമായി. നേതൃമാറ്റം ആവശ്യപ്പെട്ട് സി.ദിവാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത് പോര്‍വിളികള്‍ക്ക് വഴിയൊരുക്കി. സംസ്ഥാന സെക്രട്ടറിയായി തുടരാന്‍ കാനം രാജേന്ദ്രന് എന്താണ് ഇത്ര ആക്രാന്തമെന്ന് ദിവാകരന്‍ തുറന്നടിച്ചു. പാര്‍ട്ടിയില്‍ താനാണ് സീനിയര്‍ എന്നും പ്രായപരിധിയുടെ കാര്യം പറഞ്ഞ് തന്നെ ആരും ഒതുക്കാന്‍ നോക്കേണ്ട എന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ കൗണ്‍സില്‍ അംഗീകരിച്ച പ്രായപരിധി ആര്‍ക്കും നിഷേധിക്കാനാകില്ലെന്ന് കാനവും തിരിച്ചടിച്ചു.
പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യമാണെന്നായിരുന്നു ദിവാകരന്റെ പ്രതികരണം. ഒരാള്‍ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിനാണ്. കാനം രാജേന്ദ്രന്‍ തന്നേക്കാള്‍ ജൂനിയറാണ്. പ്രായപരിധി നിര്‍ദ്ദേശം അംഗീകരിക്കില്ല. തനിക്ക് 75 കഴിഞ്ഞു. പ്രായപരിധി നിശ്ചയിച്ച് ഉപരിസമിതികളിലേക്ക് ആളെ എടുക്കുന്നതാണ് തര്‍ക്കവിഷയം. സംസ്ഥാന സെക്രട്ടറി പദവിയില്‍ പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പറയട്ടെയെന്ന് ദിവാകരന്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇക്കുറി മത്സരം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ വെട്ടാന്‍ പലപ്പോഴും നോക്കിയിട്ടുണ്ട്. മുന്‍പ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് മാറിക്കൊടുത്തതിന്റെ ഫലമായി ഒരു കാലത്തും താന്‍ വരാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന ചിലര്‍ പാര്‍ട്ടിയിലുണ്ട്. നേതൃമാറ്റം എല്ലാ പാര്‍ട്ടിക്കും ആവശ്യമാണ്. പിണറായി വിജയനോട് മുഖം നോക്കി വിമര്‍ശിക്കാന്‍ ആളുകള്‍ വേണ്ടേ. തുടര്‍ച്ചയാണോ മറ്റാരെങ്കിലും വേണോ എന്ന കാര്യമൊക്കെ സംസ്ഥാന സമ്മേളനം തീരുമാനിക്കും.
സര്‍ക്കാരിന് സിപിഐയുടെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. എല്‍ഡിഎഫ് മുന്നണിയായിട്ട് പ്രവര്‍ത്തിക്കുന്നില്ല. ലോകായുക്ത ഭേദഗതിയില്‍ പോലും മുന്നണിയുടെ അഭിപ്രായമില്ലാതെ പോയത് തെറ്റാണ്. കെ റെയിലില്‍ വിവാദമുണ്ടായപ്പോള്‍ അതവസാനിപ്പിക്കാന്‍ മുന്നണി ശ്രമിച്ചില്ല. വിഴിഞ്ഞം വിവാദത്തില്‍ ഇടപെടാനായില്ല. സര്‍ക്കാരിന് കുഴപ്പമുണ്ടെങ്കില്‍ രാഷ്ട്രീയ ഇടപെടലിന്റെ കുഴപ്പമാണെന്നും സി.ദിവാകരന്‍ പറഞ്ഞു.
ദിവാകരന്റെ പ്രസ്താവനകള്‍ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. ദേശീയ കൗണ്‍സില്‍ അംഗീകരിച്ച പ്രായപരിധി സംസ്ഥാന കൗണ്‍സിലില്‍ നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മാനദണ്ഡം അംഗീകരിക്കില്ല എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. താഴെതട്ടിലുള്ള സമ്മേളനങ്ങളില്‍ പ്രായപരിധി നടപ്പിലാക്കി കഴിഞ്ഞു. പ്രായപരിധി നടപ്പിലാക്കിയത് സി.ദിവാകരന്‍ അറിയാത്തത് പാര്‍ട്ടിയുടെ കുറ്റമല്ലെന്നും കാനം തുറന്നടിച്ചു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് മൂന്ന് തവണ സെക്രട്ടറിയായി തുടരാമെന്ന് ഭരണഘടന തന്നെ പറയുന്നുണ്ട്. നാലാം തവണ തുടരണമെങ്കില്‍ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണം. ഇതെല്ലാം പാര്‍ട്ടി ഭരണഘടനയിലുളളതാണ്. ഭരണഘടന അടിസ്ഥാനമാക്കി ആണ് പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്നും മത്സരം വേണമോയെന്ന് സംസ്ഥാന സമ്മേളനമാണ് തീരുമാനിക്കേണ്ടതെന്നും കാനം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.