പോപ്പുലര്‍ ഫ്രണ്ട് 5.60 കോടി രൂപ നഷ്ടപരിഹാരം നല്‍കണം: ഹര്‍ജിയുമായി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

പോപ്പുലര്‍ ഫ്രണ്ട് 5.60 കോടി രൂപ നഷ്ടപരിഹാരം നല്‍കണം: ഹര്‍ജിയുമായി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. 5.60 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഹര്‍ത്താലില്‍ 58 ബസുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാനായി കെഎസ്ആര്‍ടിസി അപേക്ഷയും നല്‍കി.

ബസുകള്‍ക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകള്‍ ക്യാന്‍സല്‍ ചെയ്തതിലൂടെ മൂന്നുകോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കെഎസ്ആര്‍ടിസി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

കെഎസ്ആര്‍ടിസിയുടെ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരുടെ ചികിത്സാചെലവും കേടായ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വീസ് പുനരാരംഭിക്കുന്നതു വരെ ട്രിപ്പുകള്‍ മുടങ്ങിയതിന്റെ നഷ്ടവും ഇവരില്‍ നിന്ന് ഈടാക്കണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്.

ഇതുസംബന്ധിച്ച നടപടികള്‍ക്ക് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ മേല്‍നോട്ടം വഹിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് ഒക്ടോബര്‍ 17 ന് മുമ്പ് സമര്‍പ്പിക്കണം.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമണങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പൊലീസ് അറിയിച്ചു.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 34 കേസുകള്‍. 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയത്ത് 215 പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറയുന്നു. കണ്ണൂര്‍ സിറ്റിയില്‍ മാത്രം 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.