കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: എ.കെ ആന്റണിയും ഡല്‍ഹിക്ക്; പ്രശ്നപരിഹാരത്തിന് സോണിയ നേതാക്കളെ കാണുന്നു

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: എ.കെ ആന്റണിയും ഡല്‍ഹിക്ക്; പ്രശ്നപരിഹാരത്തിന് സോണിയ നേതാക്കളെ കാണുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്റ് കരുതി വച്ചിരുന്ന അശോക് ഗെലോട്ടിന്റെ അനുയായികള്‍ ഉയര്‍ത്തിയ അച്ചടക്ക രാഹിത്യം കടുത്ത പ്രതിസന്ധിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി പ്രതിസന്ധികള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി ചര്‍ച്ചകള്‍ ആരംഭിച്ചു.

ഇന്നലെ മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവ് കമല്‍നാഥ് ഡല്‍ഹിയിലെത്തി സോണിയയെ കണ്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം രാജസ്ഥാനിലെ മുതിര്‍ന്ന നേതാവ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി. വൈകിട്ടുളള വിമാനത്തില്‍ കേരളത്തില്‍ നിന്ന് എ.കെ ആന്റണി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. നാളെ അദ്ദേഹം സോണിയ ഗാന്ധിയെ കാണും. സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് എ.കെ ആന്റണി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 30 ആണ്. അതേസമയം ഇതുവരെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഔദ്യോഗിക സ്ഥാനാര്‍ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായത്.

അച്ചടക്ക ലംഘനം രാജസ്ഥാനിലെ ചില നേതാക്കള്‍ കാണിക്കുന്നു എന്ന ആക്ഷേപവും ഉയര്‍ന്നതോടൊപ്പം അശോക് ഗെലോട്ടിന്റെ മൗനാനുവാദത്തോടെയാണ് ഈ രാഷ്ട്രീയ നാടകങ്ങള്‍ രാജസ്ഥാനില്‍ അരങ്ങേറിയതെന്ന് മുതിര്‍ന്ന നേതാക്കളായ അജയ് മാക്കനും മല്ലികാര്‍ജുന ഖാര്‍ഗെയും സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഇതിനിടയില്‍ പവന്‍ കുമാര്‍ ബന്‍സല്‍ ഉള്‍പ്പെടെ പലരുടേയും പേരുകള്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് വരുന്നുണ്ട്. ഇങ്ങനെ പോയാല്‍ കാര്യങ്ങള്‍ കൈവിടുമോ എന്നാണ് സോണിയ ഗാന്ധിയുടെ ആശങ്ക. സമവായ നീക്കത്തിന്റെ ഭാഗമായിട്ടാണ് എ.കെ ആന്റണിയെ വിളിപ്പിച്ചിരിക്കുന്നത്.

രാജസ്ഥാനില്‍ കടുത്ത നടപടി ഇപ്പോള്‍ പാടില്ല എന്ന അഭിപ്രായമാണ് കമല്‍നാഥ് മുന്നോട്ട് വച്ചത്. അശോക് ഗെലോട്ട് മല്‍സരിച്ചാല്‍ മുഖ്യമന്ത്രി പദവി അദ്ദേഹം ഒഴിയേണ്ടി വരും. പകരം സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുന്ന സാഹചര്യമുണ്ടായേക്കും. ഇതിന് അനുവദിക്കില്ലെന്ന് ഗെലോട്ട് അനുകൂലികള്‍ പറയുന്നു. അധ്യക്ഷ തിരഞ്ഞെടുപ്പ്, രാജസ്ഥാന്‍ പ്രതിസന്ധി എന്നിവയിലെ പരിഹാരത്തിനാണ് സോണിയ ഗാന്ധിയുടെ ശ്രമം.

എ.കെ ആന്റണിയുടെ അഭിപ്രായം പരിഗണിച്ച ശേഷമാകും അടുത്ത തീരുമാനം. ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മനീഷ് തിവാരി, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ് തുടങ്ങി ഒട്ടേറെ നേതാക്കള്‍ മല്‍സര രംഗത്തുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. നിരവധി പേര്‍ മല്‍സരിക്കുന്നത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് സോണിയ മനസിലാക്കുന്നു. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് സോണിയയുടെ പുതിയ നീക്കം.

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തയ്യാറായാല്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ നിഷ്പ്രഭമാകും. എന്നാല്‍ അദ്ദേഹം തയ്യാറല്ലെന്നാണ് ഇതുവരെ അറയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ശ്രമിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.