പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സാധ്യതയേറി: ഏഴ് സംസ്ഥാനങ്ങളില്‍ വ്യാപക റെയ്ഡ്; ഇന്ന് മാത്രം 247 പേര്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സാധ്യതയേറി: ഏഴ് സംസ്ഥാനങ്ങളില്‍ വ്യാപക റെയ്ഡ്; ഇന്ന് മാത്രം 247 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: തീവ്രവാദം, രാജ്യദ്രോഹം, സാമ്പത്തിക ക്രമക്കേട്, കലാപാഹ്വാനം എന്നിങ്ങനെ ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ സാധ്യതയേറുന്ന സൂചനകള്‍ നല്‍കി ഇന്നും രാജ്യ വ്യാപകമായി പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം ഏഴിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഇന്ന് മാത്രം 247 പേരെ അറസ്റ്റ് ചെയ്തതായി ദേശീയ രഹസ്യാന്വേഷണ ഏജന്‍സി (എന്‍ഐഎ) അറിയിച്ചു.

വ്യാഴാഴ്ച നടന്ന റെയ്ഡില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട റെയ്ഡ് നടന്നത്. എന്‍ഐയുടെ അറസ്റ്റിനെതിരെ അക്രമത്തിലൂടെ പ്രതിഷേധിക്കാന്‍ പിഎഫ്‌ഐ ഒരുങ്ങുന്നുവെന്ന വിവരം കിട്ടിയതായും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഡെല്‍ഹിയില്‍ 30 പേരെയാണ് പോലീസും ഭീകരവിരുദ്ധ സേനയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഷഹീന്‍ ബാഗ്, നിസാമുദ്ദീന്‍, രോഹിണി ജാമിയ തുടങ്ങിയിടങ്ങളില്‍ റെയ്ഡ് നടന്നു. പ്രദേശത്ത് അര്‍ദ്ധസൈനിക വിഭാഗം റൂട്ട് മാര്‍ച്ച് നടത്തി. പിന്നീട് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. റെയ്ഡിന് ശേഷം പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പോലീസ് പൂട്ടി മുദ്രവെച്ചു.

കര്‍ണാടകയില്‍ പിഎഫ്‌ഐ ജില്ലാ പ്രസിഡന്റുമാരടക്കം 80 പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതികളായ പഴയ കേസുകളില്‍ നടപടി ശക്തമാക്കാന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ നടത്തിയ റെയ്ഡില്‍ 40 പേരെയാണ് അറസ്റ്റ് ചെയ്തത്.

മധ്യപ്രദേശിലെ എട്ടു ജില്ലകളില്‍ നിന്നായി 21 പേരും ഗുജറാത്തില്‍ നിന്ന് 15 പ്രവര്‍ത്തകരും അറസ്റ്റിലായി. അസമിലെ ലോവര്‍ ജില്ലകളില്‍ പുലര്‍ച്ചെയാണ് റെയ്ഡ് നടന്നത്. 25 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ അറിയിച്ചു. യുപിയില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും എടിഎസുമാണ് റെയ്ഡ് നടത്തിയത്. രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട റെയ്ഡ് നിരോധനത്തിനുള്ള സൂചന നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍.

എന്‍ഐഎ റെയ്ഡിന് പിന്നാലെ സംസ്ഥാനത്തും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് ഇന്ന് പരിശോധന നടത്തി. വയനാട്ടിലും പാലക്കാട്ടും ആലപ്പുഴയിലുമായി പിഎഫ്‌ഐയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളുമാണ് പരിശോധന നടത്തിയത്. വയനാട്ടില്‍ മാനന്തവാടി എരുമത്തെരുവില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ മാനന്തവാടിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ കടയില്‍ നിന്ന് വടിവാളുകള്‍ കണ്ടെടുത്തു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സലീമിന്റെ ടയറു കടയില്‍ നിന്നാണ് നാല് വടിവാളുകള്‍ കണ്ടെത്തിയത്. സലീമിനെ കസ്റ്റഡിയിലെടുത്തെന്ന് പോലീസ് പറഞ്ഞു.

വയനാട് വെള്ളമുണ്ടയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും പോലീസ് പരിശോധന നടത്തി. പാലക്കാട്ട് കല്‍മണ്ഡപം, ചടനാം കുറുശി, ബിഒസി റോഡ്, ശംഖുവാരത്തോട്, എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. പിഎഫ്‌ഐക്ക് ഒപ്പം എസ്ഡിപിഐ നേതാക്കളുടെ വീടുകള്‍ സ്ഥാപനങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. രാജ്യമാകെ നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് കേരളത്തിലെയും റെയ്ഡുകളെന്ന് പോലീസ് അറിയിച്ചു. അടുത്ത ദിവസങ്ങളിലും റൈഡ് തുടരുമെന്നാണ് വിവരം.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിവസത്തെ അക്രമവുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ രണ്ട് എസ്ഡിപിഐ നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടന്നു. എസ്ഡിപിഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടറി സുനീറിന്റെ വീട്ടിലും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബിന്റെ വീട്ടിലുമാണ് പരിശോധന നടന്നത്. ഹര്‍ത്താല്‍ ദിവസത്തെ അക്രമക്കേസില്‍ ഇരുവരും അറസ്റ്റിലായിരുന്നു. ഇവിടെ നിന്നും ബാങ്ക് അക്കൗണ്ട് രേഖകള്‍ പിടിച്ചെടുത്തു.

വെള്ളിയാഴ്ച്ച നടത്തിയ ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെയും പോലീസ് നടപടി തുടരുകയാണ്. ഇന്ന് 221 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ഹര്‍ത്താല്‍ ദിവസത്തെ അക്രണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 1809 ആയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.