ക്രിസ്തുവിനെ ഉയർത്തിപിടിച്ച് ജോർജി മെലാനി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി പദത്തിലേക്ക്

ക്രിസ്തുവിനെ ഉയർത്തിപിടിച്ച് ജോർജി മെലാനി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി പദത്തിലേക്ക്

റോം: ഞാൻ ജോർജി, ഞാനൊരു സ്ത്രീയാണ്, ഞാനൊരു അമ്മയാണ്, ഞാൻ ഇറ്റാലിക്കാരിയാണ്, ഞാൻ ക്രിസ്ത്യാനിയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജോർജി മെലാനി എന്ന നാല്പത്തിയഞ്ചുകാരി നടന്നടുക്കുന്നത് ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി പദത്തിലേക്കാണ്. കത്തോലിക്കാ വിശ്വാസവും സുവിശേഷ നിലപാടുകളും ഉയർത്തിപ്പിടിച്ചുകൊണ്ട് തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ പ്രതിനിധിയായി വിവിധ വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്ന മെലാനി ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിലും ഒന്നാമതെത്തിയിരുന്നു.

പതിനഞ്ചാം വയസ്സില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ക്രൈസ്തവ പാരമ്പര്യ മൂല്യങ്ങളെ തന്റെ ജീവിതത്തില്‍ ഉടനീളം ഉയര്‍ത്തി പിടിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജോർജി മെലാനി. അതേസമയം അവര്‍ തീവ്ര ഇടതുപക്ഷ ആശയങ്ങളെ അതി ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. തന്റെ കഴിഞ്ഞ കാല ജീവിതത്തില്‍ പല അവസരങ്ങളിലും പൊതുവേദികളില്‍ തന്റെ ക്രൈസ്തവ വിശ്വാസ നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട് മെലാനി.


സ്വവർഗ്ഗലൈംഗികത, ഭ്രൂണഹത്യ, അനിയന്ത്രിതമായ കുടിയേറ്റം എന്നിവയെ ശക്തമായി എതിര്‍ക്കുന്ന ജോർജി മെലാനി ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു സാധാരണ സ്ത്രീ എന്ന നിലയില്‍ ലോകപാപങ്ങളോട് പൊരുതേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ വിശ്വാസ നയങ്ങള്‍ വിശദീകരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ പാഠ്യപദ്ധതികളില്‍ ഇടം നേടിയിരിക്കുന്ന എല്‍ജിബിടിക്യു പ്രത്യയശാസ്ത്രത്തെ അതി ശക്തമായി എതിര്‍ക്കുന്ന മെലാനി വ്യക്തികളുടെ എല്ലാ ഭ്രമങ്ങളും ആഗ്രഹങ്ങളും അവകാശമായി മാറുന്ന ഒരു സമൂഹത്തെ താന്‍ നിരാകരിക്കുന്നു എന്ന നിലപാടുകാരി കൂടി ആണ്.

സ്വവര്‍ഗ വിവാഹങ്ങളെയും ദയാവധത്തെയും ശക്തമായി എതിര്‍ക്കുന്ന മെലാനി ജീവന്റെ സുവിശേഷത്തെ പിന്താങ്ങുന്ന ഒരു പ്രോലൈഫ് വക്താവ് കൂടി ആണ്. ഇറ്റലിയിലെ ഗർഭച്ഛിദ്ര നിയമം താൻ നിലനിർത്തുമെന്നാണ് ജോർജി മെലാനിയുടെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം. ഗർഭച്ഛിദ്രം മാത്രമാണ് തങ്ങൾക്ക് മുന്നിലുള്ള ഒരേയൊരു വഴി എന്ന് ചിന്തിക്കുന്ന സ്ത്രീകൾക്ക് അതല്ലാതെ ഉള്ള മറ്റ് മാർഗങ്ങൾ സ്വീകരിക്കാനുള്ള അവസരങ്ങൾ നൽകുമെന്നും മെലാനി പറഞ്ഞു.

ജോലി ചെയ്യുന്ന ഗര്‍ഭിണികളായ അമ്മമാരുടെ അവകാശങ്ങളെക്കുറിച്ചും പ്രസവാവധിക്കുള്ള അവരുടെ അവകാശത്തെക്കുറിച്ചും തൊഴില്‍ സുരക്ഷയെക്കുറിച്ചും പല സന്ദര്‍ഭങ്ങളിലും മെലാനി വാചാല ആയിട്ടുണ്ട്. പരമ്പരാഗത കത്തോലിക്കാ കുടുംബ മൂല്യങ്ങൾ എന്നും ഉയർത്തിപിടിക്കണമെന്നും മെലാനി ആഹ്വാനം ചെയ്യുന്നു. വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള സ്വാഭാവിക കുടുംബങ്ങള്‍ രാഷ്ട്രത്തിന് അത്യന്താപേക്ഷിതമാണെന്നും വിഭവങ്ങള്‍ ലഭ്യമാക്കി ജനനനിരക്ക് വര്‍ധിപ്പിക്കണമെന്നും ഉള്ള ക്രൈസ്തവ വിശ്വാസത്തില്‍ ഊന്നിയ ആശയങ്ങള്‍ അവര്‍ പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.


ക്രൈസ്തവ വംശഹത്യയെ അപലപിക്കുന്നതില്‍ ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനൊപ്പം മെലാനിയും സ്വരമുയര്‍ത്തിയിരുന്നു. 2019 ലെ വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് ഫാമിലീസ് സമ്മേളനത്തില്‍ ക്രൈസ്തവ വംശഹത്യയെ ലോകത്തിലെ ഏറ്റവും വലിയ പീഡനം എന്നാണ് അവർ വിശേഷിപ്പിച്ചത്. ഇറ്റലിയിലെ ക്ലാസ് മുറികളില്‍ കുരിശുരൂപം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഇസ്ലാമിക കുടിയേറ്റക്കാര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയപ്പോൾ മനുഷ്യരാശിയുടെ വീണ്ടെടുപ്പിന്റെ പ്രതീകവും ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന പ്രതീകവുമാണ് കുരിശ് എന്ന് പറഞ്ഞ് കുരിശിന്റെ മൂല്യം ഉയര്‍ത്തി പിടിക്കുകയായിരുന്നു ജോർജി മെലാനി.

കുരിശിലോ പുല്‍ക്കുടിലിലോ നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്നുവെങ്കില്‍ ഇറ്റലിയിലല്ല നിങ്ങള്‍ ജീവിക്കേണ്ടതെന്നും മെലാനി പറഞ്ഞു. ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുകയും പള്ളികള്‍ ഇടിച്ചുനിരത്തപ്പെടുകയും ചെയ്യുന്ന രാജ്യങ്ങൾ നിരവധി ഉണ്ടെന്നും അവർ പറഞ്ഞു. ഒരു കുരിശ് പോലും കണ്ടെത്താന്‍ കഴിയാത്ത ഇസ്ലാമിക രാജ്യങ്ങള്‍ ലോകത്തില്‍ എത്ര ഉണ്ടെന്ന് കൂടി ഓർക്കണം എന്നും മെലാനി ആരോപണങ്ങളോട് പ്രതികരിച്ചു.

ലോകം മുഴുവന്‍ വ്യാപിക്കുന്ന മുസ്ലിം തീവ്രവാദത്തേയും അവരുടെ ക്രൈസ്തവ പീഡനങ്ങളേയും എതിര്‍ക്കുന്നതിന് ഒപ്പം ലിംഗ നിഷ്പക്ഷതക്ക് എതിരേയും അവര്‍ ശബ്ദമുയര്‍ത്തുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആരാധികയായ ജോർജി മെലാനി തന്റെ ജൈത്രയാത്രയിൽ മുസ്സോളിനിയെ പുകഴ്ത്തിയ കൗമാരപ്രായക്കാരിയിൽ നിന്നും ബഹുദൂരം മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

താന്‍ ഒരു കത്തോലിക്കാ വിശ്വാസിയാണെന്നും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആരാധികയാണെന്നും കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ആത്മകഥയില്‍ മെലാനി വെളിപ്പെടുത്തിയിരുന്നു. ആധുനിക കാലഘട്ടത്തിലെ ഏറ്റവും മഹാനായ മാര്‍പ്പാപ്പയും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രതന്ത്രജ്ഞനും എന്നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ ജോർജി മെലാനി വിശേഷിപ്പിച്ചിട്ടുള്ളത് .


യൂറോപ്യൻ യൂണിയനിലെ ചില ക്രൈസ്‌തവ വിരുദ്ധ നടപടികളെക്കുറിച്ചും ജോർജി മെലാനി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടാൻ ചില ഉദ്യോഗസ്ഥർ ഔദ്യോഗിക രേഖകളിൽ നിന്നും യേശു, മാതാവ് തുടങ്ങിയ ക്രിസ്തീയ നാമങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മെലാനി പറഞ്ഞു. എന്നാൽ നമ്മൾ അവർക്ക് കീഴടങ്ങിയില്ല. നമ്മൾ യൂറോപ്യൻ യൂണിയന്റെ നിലപാടിനെതിരെ പോരാടുമെന്നും അവർ വിശദീകരിച്ചു.

പുറത്ത് വരുന്ന ആദ്യ എക്‌സിറ്റ് പോളുകൾ പ്രകാരം ജോർജി മെലാനിയുടെ വലതുപക്ഷ സഖ്യം പാർലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം ഉറപ്പാക്കി ഇറ്റലിയുടെ പ്രധാനമന്ത്രിയാകുമെന്നാണ് വിലയിരുത്തൽ. 1977 ജനുവരി 15 ന് റോമിലാണ് ജോർജി മെലാനിയുടെ ജനനം. പിതാവ് ഉപേക്ഷിച്ചതിന് ശേഷം അമ്മയാണ് മെലാനിയെ വളർത്തിയത്. വളരെ ചെറുപ്പത്തിൽ രാഷ്ട്രീയത്തിൽ സജീവമായ മെലോനി 2012-ൽ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ സഹസ്ഥാപകയായ ശേഷം 31 ആം വയസ്സിൽ യുദ്ധാനന്തര ഇറ്റാലിയൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി.

യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ വേരുകള്‍ പല രാജ്യങ്ങളിലും ദുര്‍ബലമാകുകയും ക്രൈസ്തവ പ്രബോധനങ്ങളും വിശ്വാസ പാരമ്പര്യങ്ങളും നിസ്സാരവത്കരിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ മെലാനി ഇറ്റലിയുടെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കും എന്ന വാര്‍ത്ത യൂറോപ്പിലെ കത്തോലിക്കാ സമൂഹവും ആഗോള ക്രൈസ്തവ സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.