തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അങ്കത്തട്ടൊരുങ്ങി. പടപൊരുതാന്‍ നീലയും പച്ചയും അണിഞ്ഞ കുപ്പായക്കാര്‍. ആളും ആരവും നിറയാന്‍ ഇനി ഏതാനം മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു. ഏറെക്കുറെ തുല്യ ശക്തികളെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം കാണാന്‍ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് തലസ്ഥാന നഗരവും ക്രിക്കറ്റ് പ്രേമികളും.
വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് പ്രേമികള്‍ നേരത്തെ തന്നെ തലസ്ഥാനത്തെത്തിയിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഇന്ന് സൗത്താഫ്രിക്കയെ നേരിടാനിറങ്ങുന്നത്. ഇരു ടീമുകളും ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തി. ഉച്ചവരെ ദക്ഷിണാഫ്രിക്കയും ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീമുമാണ് പരിശീലിച്ചത്. അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇരു ടീമിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന പരമ്പരയാണിത്.
മത്സരത്തിന് ഒരു മണിക്കൂറിന് മുന്‍പേ അവസാന ഇലവണിന്റെ ചിത്രം വ്യക്തമാകു. ഇന്ത്യന്‍ സ്‌ക്വാഡില്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, അര്‍ഷ്ദീപ് സിംഗ്, ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ എന്നിവരാണുള്ളത്.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ടെംബ ബാവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ട്ട്‌ജെ, വെയ്ന്‍ പാര്‍നെല്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റോസ്സോ, തബാരിസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ജോര്‍ണ്‍ ഫോര്‍ച്യൂണ്‍, മാര്‍ക്കോ യാന്‍സന്‍, ആന്‍ഡില്‍ ഫെഹ്ലുക്വായോ എന്നിവരുമുണ്ട്.
മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി ഐ.ജി.പിയും സിറ്റി പൊലീസ് കമ്മീഷണറുമായ ജി.സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ 1650 ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.