അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ കേന്ദ്രത്തേയും ഞെട്ടിച്ചു; പോപ്പുലര്‍ ഫ്രണ്ടിന് പൂട്ടു വീണത് അങ്ങനെ

അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ കേന്ദ്രത്തേയും ഞെട്ടിച്ചു; പോപ്പുലര്‍ ഫ്രണ്ടിന് പൂട്ടു വീണത് അങ്ങനെ

ന്യൂഡൽഹി: തീവ്രവാദം, രാജ്യദ്രോഹം, സാമ്പത്തിക ക്രമക്കേട്, കലാപാഹ്വനം തുടങ്ങി ഒട്ടേറെ കുറ്റങ്ങളും കാരണങ്ങളും നിരത്തിയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സർക്കാർ നിരോധിച്ചത്. ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ഗുരുതര കണ്ടെത്തലുകളും പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിനു കാരണമായി.

ഇതിനു പുറമേ ബിജെപി ഭരിക്കുന്ന യുപി, കര്‍ണാടക, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ നിരോധന ആവശ്യം ഉന്നയിച്ചിരുന്നതും നടപടി വേഗത്തിലാക്കാൻ കാരണമായി. ഒൻപതോളം കാരണങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട ഉത്തരവിലുള്ളത്.

രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയര്‍ത്തി, സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്തു, അന്താരാഷ്ട്ര ഭീകര സംഘങ്ങളുമായി ബന്ധം പുലർത്തി, ഇറാഖിലേയും സിറിയയിലേയും ഐഎസുമായി ഭീകരവാദ പ്രവർത്തനത്തിന് ഇടപെടൽ നടത്തി, രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തി, രാജ്യവ്യാപകമായി അക്രമത്തിനും കൊലപാതകങ്ങൾക്കും ആഹ്വാനം ചെയ്യുകയും അവ നടപ്പാക്കുകയും ചെയിതു, കേരളത്തില്‍ കോളജ് അധ്യാപകന്റെ കൈവെട്ടി, സംഘടനയെ എതിര്‍ത്തവരെ കൊലപ്പെടുത്തി, ഭീകര പ്രവര്‍ത്തനത്തിന് നിയമവിരുദ്ധമായി പണം ശേഖരിച്ചു തുടങ്ങിയ കാരണങ്ങളാണ് നിരോധനത്തിനു ആധാരമായി കേന്ദ്ര റിപ്പോർട്ടിലുള്ളത്. 

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ആഘാതം സൃഷ്ടിക്കുന്നതും രാജ്യത്തിന്റെ സുരക്ഷയെയും സാമുദായിക സൗഹാർദത്തെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പിഎഫ്ഐ ഏര്‍പ്പെട്ടതായും കേന്ദ്രം നിരീക്ഷിച്ചു. 

പിഎഫ്ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ നിരോധിച്ച സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നേതാക്കളാണ്. കൂടാതെ ജമാത്ത് – ഉൽ – മുജാഹിദീൻ ബംഗ്ലാദേശ് എന്ന നിരോധിത സംഘടനയുമായി ബന്ധമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയ ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി പിഎഫ്ഐയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ നിരവധി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് അരക്ഷിതാവസ്ഥ വളർത്താന്‍ പിഎഫ്ഐയും അനുബന്ധ സംഘടനകളും രഹസ്യമായി പ്രവര്‍ത്തനം നടത്തി. ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളിൽ ചേർന്നുവെന്ന വസ്തുത ഇത് തെളിയിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു. 

നിരോധിക്കപ്പെട്ട അനുബന്ധ സംഘടനകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധം ഉള്ളതായി കണ്ടെത്തി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ഫണ്ടുകള്‍ ശേഖരിക്കുന്നത് പിഎഫ്ഐ അംഗങ്ങള്‍ വഴിയാണ്. ഒപ്പം മറ്റ് സംഘനടകളില്‍ പിഎഫ്ഐ പ്രവര്‍ത്തകരുടെ സാന്നിധ്യവുമുണ്ട്. നാഷണൽ വിമൻസ് ഫ്രണ്ടിനെ പിഎഫ്ഐ നേതാക്കളാണ് നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതെന്നും ഉത്തരവില്‍ പറയുന്നു. യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, സമൂഹത്തിലെ നൂനപക്ഷ വിഭാഗങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അംഗത്വം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ സംഘടനകള്‍ രൂപീകരിച്ചത്.

പോപ്പുലര്‍ ഫ്രണ്ടും അതിന്റെ അനുബന്ധ സംഘടനകളും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയ സംഘടന എന്ന നിലയിലുള്ള പരസ്യ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍, രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിന് ഉള്ളതെന്ന് ഉത്തരവില്‍ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ച് വര്‍ഷത്തേക്കാണ്  കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.