ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ തേടിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങിലേക്ക്. സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിമത രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയും പാര്‍ട്ടിക്ക് അവമതി ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ ദിഗ്വിജയ് സിങിലേക്ക് ചര്‍ച്ചകള്‍ എത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലായിരുന്ന ദിഗ്വിജയ് സിങ് ഡല്‍ഹിയിലേക്ക് തിരിച്ചു. ഇന്നു രാത്രി ഡല്‍ഹിയിലെത്തും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതിയായ ഈ മാസം 30 ന് അദ്ദേഹം പത്രിക സമര്‍പ്പിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മത്സരിക്കുമോ എന്ന ചോദ്യങ്ങളോട് അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു. വെള്ളിയാഴ്ച ജബല്‍പുരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പാര്‍ട്ടിയിലെ ഉന്നതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലും ഹൈക്കമാന്‍ഡ് വിളിച്ചു വരുത്തിയിരിക്കുന്നതിനാലും അദ്ദേഹത്തിന്റെ നലപാടില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോയെന്ന് വ്യാഴാഴ്ച്ച അറിയാം.
നിലവില്‍ ശശി തരൂര്‍ മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. 30 ന് അദ്ദേഹം പത്രിക സമര്‍പ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തരൂരിനെ കൂടാതെ പവന്‍ കുമാര്‍ ബന്‍സാലും നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നെങ്കിലും മത്സരത്തിനില്ലെന്നാണ് ഏറ്റവും ഒടുവില്‍ അദ്ദേഹം അറിയിച്ചിരിക്കുന്നത്.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മറ്റൊരു മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ നിര്‍ദേശിച്ചിരുന്നു. ഇതിനായി അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയെങ്കിലും കമല്‍നാഥ് താത്പര്യം കാണിച്ചിരുന്നില്ല. മധ്യപ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തനിക്ക് താത്പര്യമെന്നാണ് ഇന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടയിലാണ് മധ്യപ്രദേശിലെ തന്നെ മറ്റൊരു മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിങിനെ സജീവമായി പരിഗണിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.