സത്യസന്ധമായ നീതി നിര്‍വ്വഹണം കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ മാത്യു മൂലക്കാട്ട്

സത്യസന്ധമായ നീതി നിര്‍വ്വഹണം കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ മാത്യു മൂലക്കാട്ട്

കൊച്ചി: സത്യസന്ധമായ നീതി നിര്‍വ്വഹണം കാലഘട്ടത്തിന്റെ ആവശ്യമെന്ന് മാര്‍ മാത്യു മൂലക്കാട്ട്. മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കോടതിയിലെ ഉദ്യോഗസ്ഥരുടെയും രൂപതകളിലെ കോടതികളുടെ അധ്യക്ഷന്മാരായ ജുഡീഷ്യല്‍ വികാരിമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ സംവിധാനം അനുസരിച്ച് ഓരോ രൂപതകളിലും വരുന്ന കേസ് അവിടെത്തന്നെ തീര്‍പ്പാക്കുന്ന സാഹചര്യം ആയതുകൊണ്ട് കേസിന്റെ വിധി പറയുമ്പോള്‍ വളരെ സൂക്ഷ്മതയോടും ഔദാര്യത്തോടും കൂടി ആയിരിക്കണമെന്നും മാര്‍ മൂലക്കാട്ട് വ്യക്തമാക്കി. കാനന്‍ നിയമ സംഹിതയുടെയും രാഷ്ട്രനീതിന്യായ വ്യവസ്ഥയുടെയും ചൈതന്യം അനുസരിച്ച് വിശ്വാസികള്‍ തങ്ങളുടെ ഇടയിലെ തര്‍ക്കങ്ങള്‍ നീതിനിഷ്ടമായും സമാധാനപരമായും പരിഹരിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ അതിന് കാലതാമസം വരുത്താതെ സത്യസന്ധമായി നീതി നിര്‍വ്വഹിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

സഭയുടെ നീതിനിര്‍വ്വഹണ ദൗത്യത്തില്‍ സത്യസന്ധതയോടൊപ്പം മാനുഷികതയും കാത്തുസൂക്ഷിക്കണമെന്നും എല്ലാവരെയും കരുണയോടെ കേള്‍ക്കണമെന്നും കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആഹ്വാനം ചെയ്തു.

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് ഫാദര്‍ തോമസ് ആദോപ്പിള്ളില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഫാദര്‍ ജോസഫ് മുകളെപറമ്പില്‍ നന്ദിയും പറഞ്ഞു.

ഫാദര്‍ തോമസ് ആദോപ്പിള്ളില്‍, ഫാദര്‍ ജോസഫ് മുകളേപറമ്പില്‍, ഫാദര്‍ സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ MCBS, സിസ്റ്റര്‍ ജിഷ ജോബ് MSMI എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.