സിപിഐയില്‍ അടിയോടടി: കൊടിമര ജാഥ ബഹിഷ്‌കരിച്ച് ദിവാകരനും ഇസ്മയിലും; കണ്ണുരുട്ടി കാനം

സിപിഐയില്‍ അടിയോടടി: കൊടിമര ജാഥ ബഹിഷ്‌കരിച്ച് ദിവാകരനും ഇസ്മയിലും; കണ്ണുരുട്ടി കാനം

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കൊടിമര ജാഥ ബഹിഷ്‌കരിച്ച് മുതിര്‍ന്ന നേതാക്കളായ കെ.ഇ ഇസ്മായിലും സി.ദിവാകരനും. ഇസ്മയില്‍ വിട്ടുനിന്നതോടെ മന്ത്രി ജി.ആര്‍ അനിലാണ് കൊടിമരം കൈമാറിയത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നാണ് ജാഥ ആരംഭിച്ചത്.

പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കുന്നതിന് എതിരെ ഇരു നേതാക്കളും നേരത്തെ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ്, വിഭാഗീയത കൂടുതല്‍ വ്യക്തമാക്കുന്ന നടപടി നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

അതേസമയം വിഭാഗീയതയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വീണ്ടും രംഗത്തെത്തി. വിഭാഗീയത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് നവയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ കാനം താക്കീത് നല്‍കി. വിഭാഗീയതയും വ്യക്തി കേന്ദ്രീകൃത രീതിയും സിപിഐയില്‍ ഇല്ലെന്നും കാനം പാര്‍ട്ടി മുഖ മാസികയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

കാനം രാജേന്ദ്രനെതിരെ രൂക്ഷ പ്രതികരണവുമായി നേരത്ത സി. ദിവാകരന്‍ രംഗത്തു വന്നിരുന്നു. സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തമാണ്. ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ല. പ്രായപരിധിയെന്നത് എതോ ഗൂഢ സംഘത്തിന്റെ തീരമാനമാണെന്നും സിപിഐയില്‍ പ്രായപരിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ദിവാകരന്റെ പ്രതികരണം.

സംസ്ഥാന കൗണ്‍സിലിലേക്ക് പ്രായപരിധി നടപ്പാക്കുമെന്ന് വ്യക്തമാക്കി ദേശീയ കൗണ്‍സില്‍ അംഗീകരിച്ച മാര്‍ഗ രേഖയാണ് നടപ്പാക്കുന്നത്. താഴെ തട്ടിലുള്ള സമ്മേളനങ്ങളില്‍ പ്രായപരിധി നടപ്പിലാക്കി കഴിഞ്ഞു. ഇത് സി.ദിവാകരന്‍ അറിയാത്തത് പാര്‍ട്ടിയുടെ കുറ്റമല്ലെന്ന് കാനം മറുപടി നല്‍കുകയും ചെയ്തിരുന്നു.

സിപിഐയുടെ ഭരണഘടനയനുസരിച്ച് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പ് ദേശീയ കൗണ്‍സിലിനും സംസ്ഥാന സമ്മേളനത്തിന് മുന്‍പ് സംസ്ഥാന കൗണ്‍സിലിനും സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട മാര്‍ഗരേഖ നടപ്പാക്കാനുള്ള അവകാശമുണ്ട്.

അതനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് മാസം 11, 12 തിയതികളില്‍ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവും 13, 14 തീയതികളില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലും നിര്‍ദേശിച്ച മാര്‍ഗരേഖയാണ് കേരളത്തില്‍ പിന്നീട് ചേര്‍ന്ന പാര്‍ട്ടി എക്സിക്യൂട്ടീവും കൗണ്‍സിലിലും അംഗീകരിച്ചതെന്നും കാനം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.