ലോകത്തിലെ ആദ്യ ഇലക്ട്രിക് പാസഞ്ചര്‍ വിമാനം ആലീസ് പറന്നുയര്‍ന്നു; പരീക്ഷണം വിജയം

ലോകത്തിലെ ആദ്യ ഇലക്ട്രിക് പാസഞ്ചര്‍ വിമാനം ആലീസ് പറന്നുയര്‍ന്നു; പരീക്ഷണം വിജയം

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് പാസഞ്ചര്‍ വിമാനമായ ആലീസ് വാഷിങ്ടണില്‍ നിന്ന് പറന്നുയര്‍ന്നു. എയര്‍ഫീല്‍ഡിന് ചുറ്റും വട്ടം ചുറ്റിയ വിമാനം 3,500 അടി ഉയരത്തിലാണ് പറന്നുയര്‍ന്നത്. ഒന്‍പത് യാത്രക്കാരെയും രണ്ട് പൈലറ്റിനേയും ഉള്‍ക്കൊള്ളിക്കാവുന്ന തരത്തിലാണ് വിമാനത്തിന്റെ നിര്‍മിതി.

വിമാനത്തിന്റെ പിറകിലുള്ള പ്രൊപ്പല്ലറുകള്‍ കറങ്ങുന്ന ശബ്ദം താഴെ നില്‍ക്കുന്ന ആളുകള്‍ക്ക് കേള്‍ക്കാനായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ട് മിനിറ്റ് പറന്നുയര്‍ന്നതിന് ശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ആര്‍ലിംഗ്ടണ്‍ ആസ്ഥാനമായുള്ള എവിയേഷന്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് വിമാനം രൂപകല്‍പ്പന ചെയ്തതും നിര്‍മിച്ചതും.


നാല് ടണ്ണിലേറെ ഭാരമുള്ള വിമാനം 21,500ല്‍ പരം ചെറിയ ടെസ്ല-സ്‌റ്റൈല്‍ ബാറ്ററി സെല്ലുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 15,000 അടി ഉയരത്തില്‍ നൂറുകണക്കിന് മൈലുകള്‍ പറക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് വാണിജ്യ വിമാനം സാധ്യമാകുമെന്ന് തെളിയിക്കാനായാണ് കമ്പനി വിമാനം നിര്‍മിച്ചത്.

ലൂയിസ് കാരളിന്റെ വിഖ്യാതമായ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിമാനത്തിന് ആലീസ് എന്ന പേര് നല്‍കിയത്. വിമാനത്തില്‍ നിന്ന് പുറന്തള്ളുന്ന പുക പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. എന്നാല്‍ ഇത് സാമ്പത്തികമായി എത്രത്തോളം വിജയകരമായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.