കെട്ടിടം കോവിഡ് ചികിത്സാ കേന്ദ്രമാക്കി; ഉടമയ്ക്ക് 13 ലക്ഷത്തിന്റെ ബില്ലയച്ച് ഷോക്കടിപ്പിച്ച് കെ.എസ്.ഇ.ബി

കെട്ടിടം കോവിഡ് ചികിത്സാ കേന്ദ്രമാക്കി; ഉടമയ്ക്ക് 13 ലക്ഷത്തിന്റെ ബില്ലയച്ച് ഷോക്കടിപ്പിച്ച് കെ.എസ്.ഇ.ബി

കൊല്ലം: കെട്ടിടം കോവിഡ് ചികിത്സാ കേന്ദ്രമാക്കിയപ്പോഴുള്ള വൈദ്യുതി ബില്ലുമായി നെട്ടോട്ടമോടി കെട്ടിടയുടമ. ദുരന്തനിവാരണ അതോറിറ്റി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമായി ഏറ്റെടുത്ത കെട്ടിടത്തിന്റെ വൈദ്യുതി ബില്ലാണ് ഉടമയ്ക്ക് തലവേദനയായിരിക്കുന്നത്. ബാങ്ക് ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരിശീലന കേന്ദ്രമായ കല്ലുവാതുക്കല്‍ ഐ.സി.ഡി കോച്ചിങ് സെന്റര്‍ ഉടമ ജയകൃഷ്ണനാണ് 13 ലക്ഷത്തിന്റെ വൈദ്യുതി ബില്ലുമായി പഞ്ചായത്ത് അധികാരികളുടെയും കളക്ടറുടെയും പിന്നാലെ നടക്കുന്നത്.

2020 മാര്‍ച്ചിലാണ് കെട്ടിടം ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത കാലയളവിലെ വൈദ്യുതി ബില്ലും വെള്ളക്കരവും കല്ലുവാതുക്കല്‍ പഞ്ചായത്ത് അടച്ചോളാമെന്ന കരാറും വെച്ചിരുന്നു. 2021 ഒക്ടോബറില്‍ കെട്ടിടം തിരിച്ചു നല്‍കി. എന്നാല്‍ വൈദ്യുതി ബില്ലും വെള്ളക്കരവും അടച്ചിരുന്നില്ല. ജല അതോറിറ്റി പഞ്ചായത്തിന്റെ കൈയില്‍ നിന്നു വെള്ളക്കരം വാങ്ങിയെടുത്തു.

അതേസമയം വൈദ്യുതി ബോര്‍ഡ് കെട്ടിട ഉടമയോടാണ് ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടത്. അതുപ്രകാരം പഞ്ചായത്ത് അധികൃതര്‍ക്ക് പല തവണ കത്തു നല്‍കി. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കളക്ടര്‍ക്കും കത്തു നല്‍കി. ഉടന്‍ പരിഹരിക്കാമെന്ന് വാക്കാല്‍ പറഞ്ഞതല്ലാതെ നടപടിയൊന്നുമുണ്ടായില്ല. കെട്ടിടം തിരികെ നല്‍കിയതിനു ശേഷമുള്ള കാലയളവിലെ ബില്ല് കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉടമ വ്യക്തമാക്കി.

കെട്ടിടം ചികിത്സാ കേന്ദ്രമായി ഏറ്റെടുത്ത കാലയളവിലെ 13 ലക്ഷം രൂപ അടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നുകാട്ടി കെട്ടിടം ഉടമയ്ക്ക് കെ.എസ്.ഇ.ബിയുടെ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്നാണ് പറഞ്ഞത്. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വെള്ളിയാഴ്ച വരെ കാത്തിരിക്കാം എന്നായി. പക്ഷേ അതിനുള്ളില്‍ പണം അടയ്ക്കാമെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പഞ്ചായത്തോ ദുരന്തനിവാരണ അതോറിറ്റിയോ നടപടിയെടുക്കാത്തതിനാല്‍ പുലിവാലുപിടിച്ച മട്ടിലാണ് ഉടമ. ചികിത്സാ കേന്ദ്രമാക്കിയതിനെ തുടര്‍ന്ന് കേടുവന്ന കംപ്യൂട്ടറുകളും കോണ്‍ഫറന്‍സ് ഹാളിന്റെ അറ്റകുറ്റപ്പണിയുമൊക്കെയുണ്ടാക്കിയ നഷ്ടത്തിനു പുറത്താണ് ഈ പൊല്ലാപ്പുമെന്ന് ഉടമ പറയുന്നു.

എന്നാല്‍ ചികിത്സാകേന്ദ്രമായി ഏറ്റെടുത്ത കെട്ടിടത്തിന്റെ വൈദ്യുതി ബില്ലടയ്ക്കാന്‍ പഞ്ചായത്ത് തയ്യാറാണ്. അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുധീപ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.