തിരുവനന്തപുരം: സംസ്ഥാനത്ത് പേ വിഷബാധ വ്യാപനം കൂടുന്നതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ പരിശോധിച്ച 42 ശതമാനം സാമ്പിളുകളിലും പേ വിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായകളുടെയും കടിയേറ്റ വളര്‍ത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും 520 സാംപിളുകള്‍ പരിശോധിച്ചതില്‍ 221 സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തി.
മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ആന്റി റാബീസ് റീജണല്‍ ലാബുകളില്‍ നിന്നുള്ള കണക്കുകള്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസാണ് ക്രോഡീകരിച്ചത്. പാലോട് പരിശോധിച്ച് 245 സാമ്പിളുകളില്‍ 74 എണ്ണവും കൊല്ലത്ത് പരിശോധിച്ച് 138 സാമ്പിളുകളില്‍ 39 എണ്ണവും തിരുവല്ലയില്‍ പരിശോധിച്ച 140 സാമ്പിളുകളില്‍ 68 എണ്ണവും പാലക്കാട് പരിശോധിച്ച 24 സാമ്പിളുകളില്‍ 19 എണ്ണവും കണ്ണൂരില്‍ പരിശോധിച്ച 76 സാമ്പിളുകളില്‍ 21 എണ്ണവും പോസറ്റീവാണെന്ന് കണ്ടെത്തി.
പേവിഷബാധ കൂടുന്ന സാഹചര്യത്തില്‍ നായകളുടെ വാക്‌സിനേഷന്‍ ശക്തമാക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. രണ്ടുലക്ഷം ഡോസ് വാക്‌സിന്‍കൂടി കഴിഞ്ഞ ദിവസമെത്തി. ഓര്‍ഡര്‍ ചെയ്ത രണ്ടുലക്ഷം ഡോസുകൂടി ഉടനെത്തും. നേരത്തേ കൈവശമുണ്ടായിരുന്ന ആറുലക്ഷം ഡോസ് ജില്ലകളിലേക്ക് കൈമാറിയിരുന്നു. കരാറടിസ്ഥാനത്തില്‍ നിയമിക്കുന്ന വെറ്ററിനറി ഡോക്ടര്‍മാരുടെകൂടി സഹായത്തോടെ തദ്ദേശവകുപ്പാണ് വാക്‌സിനേഷന്‍ സംഘടിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.