റോം: ഫ്രാൻസിസ് മാർപാപ്പയുടെ ആമുഖത്തോടെയുള്ള ആൻഡ്രിയ ടോർണെല്ലിയുടെ "ലൈഫ് ഓഫ് ജീസസ്" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു . സെപ്റ്റംബർ 27 ന് ഇറ്റാലിയൻ ഭാഷയിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായങ്ങളാണ് പുസ്തകത്തിലുടനീളം ഇഴചേർത്തിരിക്കുന്നത്. സുവിശേഷത്തിന്റെ ഓരോ ഭാഗങ്ങളിലും ഓരോ സംഭവങ്ങളിലും അപരന്റെ ആത്മാവിൽ തൊടുന്ന യേശുക്രിസ്തുവിന്റെ നോട്ടങ്ങളുണ്ട്. ആ നോട്ടങ്ങളുടെ വ്യക്തിപരമായ വിവരണമാണ് പുസ്തകത്തിന്റെ അടിസ്ഥാനം.
ഫ്രാൻസിസ് മാർപാപ്പയുടെ ആമുഖത്തിൽ നിന്ന്
സുവിശേഷം വായിക്കുമ്പോൾ എപ്പോഴും എന്റെ മനസ്സിൽ സ്പർശിക്കുന്ന ഒരു പ്രധാന വിഷയം അതിലെ നോട്ടങ്ങൾ ആണ്. സുവിശേഷത്തിൽ ചില നോട്ടങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.ഉദാഹരണത്തിന് യേശുവിനെ കാണാനുള്ള അതിയായ മോഹത്തിൽ മരത്തിന് കയറിയ സക്കേവൂസിനെ കുറിച്ച് നമുക്ക് ചിന്തിക്കാം.
യേശുവിനെ കാണണം എന്ന് വിചാരിക്കുമ്പോഴും തന്നെ അവൻ കാണരുത് എന്നുകൂടെ സക്കേവൂസ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കർത്താവ് അവനെ നോക്കുന്നു. അവൻ സക്കേവൂസിന്റെ വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു.
നമുക്ക് ജെറിക്കോയിലെ അന്ധനായ മനുഷ്യനെ എടുക്കാം. അവന് കാഴ്ചയില്ലായിരുന്നു എന്നാൽ കർത്താവിന്റെ നോട്ടം അവനിൽ പതിയാൻ ആഗ്രഹിച്ചിരുന്നു. ആ നോട്ടം തന്റെ മേൽ പതിയുന്നതുവരെയും ആ അന്ധൻ നിലവിളിക്കുകയും യാചിക്കുകയും ചെയ്തു. സുവിശേഷത്തിന്റെ ഓരോ പേജിലും ഇതുപോലെ ഓരോ നോട്ടങ്ങളുണ്ട്.
ന്യായാധിപരുടെയും, അവനെ പരീക്ഷിക്കാൻ ശ്രമിച്ചവരുടെയും, അവൻ പറയുന്ന വാക്കുകൾ മനസ്സിലാക്കാത്തവരുടെയും ആശ്ചര്യകരമായ നോട്ടങ്ങളുടെ ഭാവങ്ങളും ഉണ്ട്. അതിൽ ഉൾപ്പെട്ട ആളുകൾ കൈമാറ്റം ചെയ്ത നോട്ടങ്ങൾ പ്രധാനമാണ്. അവർ പരസ്പരം നോക്കുന്ന രീതിയും പ്രധാനമാണ്.
സവിശേഷത്തിന്റെ ഓരോ ഭാഗങ്ങളും വായിച്ചാലും കേട്ടാലും മാത്രം പോരാ. മനസ്സിലും ഹൃദയത്തിലും യേശുവിന്റെ ഭാവം പകർത്തികൊണ്ട് അവയിലേക്ക് വ്യക്തിപരമായി ഇറങ്ങിച്ചെല്ലുന്നത് അതി മനോഹരമാണ്.
ദരിദ്രയായ വിധവയുടെ കാണിക്ക ഒരു ഉദാഹരമാണ്. ദേവാലയത്തിൽ ഉണ്ടായിരുന്ന നിരവധി ആളുകൾക്കിടയിലും യേശുവിന്റെ നോട്ടം പതിഞ്ഞത് ചെമ്പുനാണയങ്ങൾ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്ന വിധവയിലായിരുന്നു. ദേവാലയത്തിൽ തങ്ങൾ എല്ലാം തികഞ്ഞവരാണ് എന്ന് നടിച്ചുകൊണ്ട് മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടാൻ നടക്കുന്ന ഒട്ടേറെ ന്യായപ്രമാണിമാർ ഉണ്ടായിരുന്നു. എങ്കിലും ഒടുവിൽ കർത്താവിന്റെ കണ്ണുകളെ ആകർഷിച്ചത് ആ വിധവയെ ആയിരുന്നു.
അവൾ ഭണ്ഡാരത്തിൽ നിക്ഷേപിച്ച രണ്ട് ചെമ്പു നാണയങ്ങൾ ആയിരുന്നു. ആ നിക്ഷേപം മറ്റെല്ലാവരും സമർപ്പിച്ചതിനേക്കാൾ കൂടുതലായി കണക്കാക്കപ്പെട്ടു. കാരണം അവളുടെ പക്കൽ അത് മാത്രമാണ് ഉണ്ടായിരുന്നത്. ആ നോട്ടം അവളുടെ ഉദാരതയെ വാഴ്ത്തുന്നതായിരുന്നു.
ഗുരുതരമായ രോഗിയായ തന്റെ മകൾക്കായി സഹായം ചോദിക്കാൻ പോകുന്ന ജയ്‌റോസിനെക്കുറിച്ച് നമുക്ക് വീണ്ടും ചിന്തിക്കാം, അവൻ ഗുരുവിന്റെ മുമ്പാകെ ആയിരിക്കുമ്പോൾ അവന്റെ ഏകപുത്രി മരിച്ചുവെന്ന് അവനോട് പറയുമ്പോൾ. അവൻ യേശുവിനെ നോക്കുന്നു. യേശു അവനെ നോക്കി ആശ്വസിപ്പിക്കുന്നു.
മറ്റുള്ളവരുടെ കണ്ണുകളിലേക്കു നോക്കാനുള്ള അതുല്യമായ കഴിവ് യേശുവിനുണ്ട് . തന്റെ ഭവനത്തിൽ പോകുന്നത് ഉപയോഗശൂന്യമാണെന്ന് ജയ്‌റോസ് യേശുവിനോടു പറയുന്നുണ്ട്. എന്നാൽ പിന്നീട് യേശു ആ മകളെ ജീവതത്തിലേക്കു തിരികെ കൊണ്ടുവരുന്നു. പക്ഷേ, എല്ലാം തുടങ്ങിയത് ഒരു നോട്ടത്തിലൂടെ ആയിരുന്നു.
കർത്താവ് തന്റെ ശിഷ്യന്മാരുമായി നായിനിയിലെ വിധവയെ സമീപിച്ചപ്പോൾ തീർച്ചയായും അവൾ അവനെ നോക്കി. സങ്കടം കൊണ്ട് തലകുനിച്ചു നിന്ന ആ പീഡിതയായ സ്ത്രീ കണ്ണുകൊണ്ട് എന്താണ് ചോദിച്ചിട്ടുണ്ടാവുക? തീർച്ചയായും അവളുടെ മകന്റെ ജീവനല്ല. കാരണം അവൻ മരിച്ചുവെന്ന് ഉറപ്പായിരുന്നു.
അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആർക്കും കഴിയില്ല. എന്നിട്ടും അവൾ യേശുവിനോട് കണ്ണുകൊണ്ട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അവളെയും അവളുടെ സങ്കടത്തെ കണ്ട യേശുവിന്റെ മനസ്സലിഞ്ഞു. അവൻ ശവസംസ്കാര ഘോഷയാത്രയ്ക്ക് സമീപം എത്തി അവളുടെ മരിച്ചുപോയ മകനെ ഉയിർപ്പിച്ചു. ആ മകനെ അവന്റെ അമ്മയ്ക്ക് തിരികെ നൽകി.
മറ്റു ചില സമയങ്ങളിൽ കർത്താവിനെ ആദ്യം തന്നെ കാണാൻ കഴിയാവർ ഉണ്ട്. അവരുടെയൊക്കെ നോട്ടത്തിനു മുമ്പിൽ നാം നമ്മെത്തന്നെയാണ് കണ്ടെത്തുന്നത്. എമ്മാവൂസിലെ ശിഷ്യന്മാരെക്കുറിച്ച് പറയുകയാണെങ്കിൽ അവരുടെ കണ്ണുകൾ മറയ്ക്കപ്പെട്ടത് പോലെയായിരുന്നു. ഉയിർത്തെഴുന്നേറ്റ യേശുവിനെ തോട്ടക്കാരനാണെന്ന് മഗ്ദലന മറിയം തെറ്റിദ്ധരിച്ചു. എന്നാൽ അപ്പോഴെല്ലാം കർത്താവ് സ്വയം പ്രത്യക്ഷനായി.
ചില സമയങ്ങളിൽ സുവിശേഷം കൈയിലെടുക്കുമ്പോഴും,വായിക്കുമ്പോഴും നമ്മുടെ കണ്ണുകളും മറയ്ക്കപ്പെടാറുണ്ട്. എന്നാൽ അവിടെയെല്ലാം ചില നിമിഷങ്ങളിൽ കർത്താവ് നമ്മുടെ കൺമുന്നിൽ സ്വയം വെളിപ്പെടുത്തുന്നു. യേശുവിനെ കണ്ടുമുട്ടുന്ന അദ്ഭുതത്തിന്റെ അതുല്യമായ ആത്മീയാനുഭവം അപ്പോൾ നമുക്കും അനുഭവിക്കാൻ കഴിയുന്നു.
അതുകൊണ്ട് ധ്യാനം നിറഞ്ഞ കണ്ണുകളോടെ നമുക്ക് യേശുവിന്റെ ജീവിതത്തെ സമീപിക്കാം. വിശ്വാസം ആരംഭിക്കുന്നത് കേൾവിയിൽ നിന്നാണ് എന്നത് സത്യമാണ്. എന്നാൽ സമാഗമം കാഴ്ചയിൽ നിന്നാണ് . അതുകൊണ്ടാണ് സുവിശേഷങ്ങളിൽ യേശുവിനെ കാണുകയും കേൾക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഓർമ്മ കൂടുതൽ എളുപ്പത്തിൽ കാഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിശുദ്ധ യോഹന്നാൻ പഠിപ്പിക്കുന്നതുപോലെ നാം കണ്ടതും കേട്ടതുമായ കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലാണ് വിശുദ്ധ തിരുവെഴുത്തിലുടനീളം കാണപ്പെടുന്നത്. ഇത് ക്രിസ്തീയ ജീവിതത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
സുവിശേഷങ്ങളിലെ വാക്കുകൾ ഉപയോഗിച്ചാണ് ഈ പുസ്തകം രചിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ 'ലൈഫ് ഓഫ് ജീസസ്' അവനുമായി കൂടുതൽ സമ്പർക്കത്തിൽ ഏർപ്പെടാൻ നമ്മെ സഹായിക്കും. അങ്ങനെ യേശുക്രിസ്തു ഒരു വലിയ വ്യക്തിയോ, ചരിത്രനായകനോ, ഒരു മതനേതാവോ, ധാർമ്മികാചാര്യനോ ആയി മാത്രം അറിയപ്പെടാതെ മറിച്ച് ഓരോ ദിവസവും അവൻ ഓരോ വ്യക്തിയുടെയും കർത്താവായി- ജീവന്റെ മിശിഹായായി മാറും.
ഈ പുസ്തകം വായിക്കുന്നവർ യേശുവിനെ കാണുകയും പരിശുദ്ധാത്മാവിന്റെ ദാനമായ കൃപ സ്വീകരിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കൂടാതെ ലൈഫ് ഓഫ് ജീസസ് വായിക്കുന്നവർ അവനിലേക്ക് സ്വയം ആകർഷിക്കപ്പെടുമെന്നും ഞാൻ വിശ്വസിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26