സിപിഐയില്‍ 'ദേശീയ പോര്': ജനറല്‍ സെക്രട്ടറിയെ ക്ഷണിക്കാതെ പൊതു സമ്മേളനം; ദിവാകരനും ഇസ്മയിലിനും രൂക്ഷ വിമര്‍ശനം

സിപിഐയില്‍ 'ദേശീയ പോര്': ജനറല്‍ സെക്രട്ടറിയെ ക്ഷണിക്കാതെ പൊതു സമ്മേളനം; ദിവാകരനും ഇസ്മയിലിനും രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: പതിവ് തെറ്റിച്ച് സംസ്ഥാന സമ്മേളന ഉദ്ഘാടനം കേന്ദ്ര നേതാക്കളെ ഒഴിവാക്കി സംസ്ഥാന സെക്രട്ടറി നേരിട്ട് നിര്‍വഹിച്ചതിന് പിന്നാലെ പൊതു സമ്മേളനത്തിലും ഉന്നത കേന്ദ്രനേതാക്കളെ ക്ഷണിക്കാതിരുന്നത് പാര്‍ട്ടിക്കുള്ളിലെ സംസ്ഥാന-ദേശീയ പോര് രൂക്ഷമായതിന്റെ തെളിവായി. പുത്തിരിക്കണ്ടത്തെ പൊതസമ്മേളനത്തെ കുറിച്ച് ജനറല്‍ സെക്രട്ടറി ഡി.രാജ അറിഞ്ഞത് മാധ്യമങ്ങളിലൂടെയായിരുന്നു. സമ്മേളനം നടക്കുമ്പോള്‍, പരിപാടി അറിയിക്കാത്തത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് തൈക്കാട് ഗസ്റ്റ് ഹൗസില്‍ തനിച്ചിരുന്ന രാജ പ്രതിരിക്കാന്‍ തയ്യാറായില്ല.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനങ്ങളിലെ പൊതുസമ്മേളനം ദേശീയനേതാക്കള്‍ ഉദ്ഘാടനം ചെയ്യുന്നതാണ് പൊതുരീതി. എന്നാല്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. അദ്ദേഹം ദേശീയ സെക്രട്ടറിയേറ്റ് അംഗമാണെന്ന വാദമാണ് കാനത്തിന്റെ അനുയായികള്‍ ന്യായമായി പറയുന്നത്.

പൊതുസമ്മേളനത്തിന് മുന്നോടിയായുള്ള പാതക ഉയര്‍ത്തല്‍ മുതിര്‍ന്ന അംഗം നടത്തണമെന്ന കീഴ്‌വഴക്കവും ലംഘിക്കപ്പെട്ടു. മുതിര്‍ന്ന അംഗമായ കെ.ഇ. ഇസ്മയിലിനെ ഒഴിവാക്കി പന്ന്യന്‍ രവീന്ദ്രനാണ് പതാക ഉയര്‍ത്തിയത്. ഈ ഒഴിവാക്കപ്പെടലും വിഭാഗീതയുടെ ഭാഗമായാണെന്ന് കരുതപ്പെടുന്നു. ഡി.രാജയെ പൊതുസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കി പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനകനായാണ് ക്ഷണിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് പ്രതിനിധിസമ്മേളനം.

അതേസമയം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമര്‍ശനമുന്നയിച്ച സി.ദിവാകരന്‍, കെ.ഇ. ഇസ്മയില്‍ എന്നിവര്‍ക്കെതിരെ എക്‌സിക്യൂട്ടീവില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമങ്ങളോട് നടത്തിയ പരസ്യ പ്രതികരണങ്ങള്‍ ശരിയായില്ലെന്നായിരുന്നു എക്‌സിക്യൂട്ടീവിലെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്തതായിരുന്നു നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണം. ഇത് പാര്‍ട്ടിയില്‍ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കി. നേതാക്കളുടെ പ്രതികരണങ്ങളില്‍ പാകതക്കുറവുണ്ടായെന്നും എക്‌സിക്യൂട്ടീവില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിയിലെ ഐക്യം എല്ലാവരും ചേര്‍ന്ന് നിലനിര്‍ത്തണമന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം, തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പ്രായ പരിധി നടപ്പാക്കിയാലും ഇല്ലെങ്കിലും പാര്‍ട്ടിയിലുണ്ടാകുമെന്നും കെ.ഇ. ഇസ്മയില്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമോയെന്ന ചോദ്യത്തിന് 'കണിയാനോട്' ചോദിക്കണമെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം.

നേതൃത്വത്തിന് ഏര്‍പ്പെടുത്തിയ 75 വയസ് പ്രായപരിധി നിര്‍ദ്ദേശം മാത്രമാണെന്ന ജനറല്‍ സെക്രട്ടറി ഡി.രാജയുടെ നിലപാട് സമ്മേളന ചര്‍ച്ചകളില്‍ കാനം വിരുദ്ധ പക്ഷത്തിന് കരുത്താകും. സെക്രട്ടറി സ്ഥാനത്തേക്കുള്ള മൂന്നാം ഊഴത്തിന് മത്സരം അനിവാര്യമായേക്കുമെന്ന് കാനം അനുകൂലികള്‍ പോലും വിലയിരുത്തുന്നുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.