തിരുവനന്തപുരം: രണ്ടാഴ്ചത്തെ യൂറോപ്യന്‍ പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും ഇന്ന് രാത്രിയോടെ യാത്ര തിരിക്കും. സി.പി.ഐ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചുള്ള കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം മുഖ്യമന്ത്രി ഇന്ന് വൈകിട്ട് നാലിന് പങ്കെടുക്കും. അതിന് ശേഷമാണ് മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഉള്‍പ്പെടെയുള്ള സംഘം യാത്ര തിരിക്കുക.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ വീഡിയോഗ്രാഫറും ഫോട്ടോഗ്രാഫറും ഉണ്ടാവും. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴിയാണ് ഇവരെ നല്‍കുന്നത്. ഇവര്‍ക്കുള്ള പ്രതിഫലം അതത് രാജ്യങ്ങളിലെ കറന്‍സി മൂല്യത്തില്‍ അനുവദിക്കും. മുഖ്യമന്ത്രിയുടെ ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തില്‍ ഫോട്ടോയും വീഡിയോയും എടുക്കുന്നത് ശുഭാം കേഷ്രിയാണ്. നോര്‍വേയില്‍ അഞ്ചുമുതല്‍ ഏഴു വരെ മന്‍ദീപ് പ്രിയനും ബ്രിട്ടണില്‍ ഒന്‍പതു മുതല്‍ പന്ത്രണ്ടുവരെ എസ്. ശ്രീകുമാറിനുമാണ് ഫോട്ടോയെടുക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്.
ഇവര്‍ക്ക് യഥാക്രമം 3200 യൂറോ, 32000 നോര്‍വീജിയന്‍ ക്രോണ്‍, 2250 പൗണ്ട് എന്നിങ്ങനെ പ്രതിഫലം നല്‍കും. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് എംബസി മുഖേന വീഡിയോ, ഫോട്ടോ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടുള്ള സന്ദര്‍ശനത്തില്‍ നാല് യൂറോപ്യന്‍ രാജ്യങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. ഡല്‍ഹി വഴി ഫിന്‍ലന്‍ഡിലേക്കാണ് ആദ്യം പോകുക. മന്ത്രി ശിവന്‍കുട്ടിക്ക് പുറമേ ചീഫ് സെക്രട്ടറി വി.പി ജോയ്, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരുമുണ്ട്. പ്രശസ്തമായ ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കാനാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശനം.
മുമ്പ് കേരളം സന്ദര്‍ശിച്ച ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രി ലീ ആന്‍ഡേഴ്‌സന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. പ്രമുഖ ബഹുരാഷ്ട്ര കമ്പനികള്‍, ഐ.ടി കമ്പനികള്‍ എന്നിവയും സന്ദര്‍ശിക്കും. ടൂറിസം, ആയുര്‍വേദ മേഖലകളിലും കൂടിക്കാഴ്ചയുണ്ടാകും.
നോര്‍വെ സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തലാണ്. നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതികവിദ്യകള്‍ പരിശോധിക്കും. നോര്‍വെയില്‍ വച്ച് മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹ്മാനും സംഘത്തില്‍ ചേരും. പിന്നീട് പോകുക വെയ്ല്‍സിലേക്കാണ്. അവിടെ ആരോഗ്യമേഖലയെക്കുറിച്ച് പഠിക്കും. ലണ്ടനില്‍ മന്ത്രി വീണാ ജോര്‍ജും ഒപ്പം ചേരും. മന്ത്രി പി. രാജീവുമുണ്ടാകും. ലോക കേരളസഭയുടെ പ്രാദേശിക യോഗവും ലണ്ടനില്‍ സംഘടിപ്പിക്കും. 150 പ്രവാസികള്‍ പങ്കെടുക്കും.
കേരളത്തില്‍ ഗ്രാഫീന്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് യു.കെയിലെ വിവിധ സര്‍വകലാശാലകളും സന്ദര്‍ശിക്കും. പ്രാദേശിക വ്യവസായികളുമായി നിക്ഷേപ സൗഹൃദസംഗമം സംഘടിപ്പിക്കാനും ഉദ്ദേശമുണ്ട്. ടൂറിസം, ആയുര്‍വേദ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ചര്‍ച്ചകളും ഇവിടെയുണ്ടാകും.
പര്യടനം പൂര്‍ത്തിയാക്കി ഈ മാസം 14ന് തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും 12ന് മടങ്ങിയെത്തുമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. 13ന് മന്ത്രിസഭാ യോഗം ഓണ്‍ലൈനായി ചേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.