ദുരിതമകലാതെ ഫ്‌ളോറിഡ; ഇയാന്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 45

ദുരിതമകലാതെ ഫ്‌ളോറിഡ; ഇയാന്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 45

ഫ്ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഇയാന്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 45 ആയി. മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയന്‍ കൊടുങ്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. സൗത്ത് കരോലിനയില്‍ ആഞ്ഞടിക്കുന്ന കാറ്റിന്റെ ശക്തി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ക്ഷയിക്കുമെന്നാണ് പ്രവചനം.

കൊടുങ്കാറ്റിന്റെ പാതയിലുള്ള ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകളോടാണ് മാറിത്താമസിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വിതരണ ലൈനുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഒരു ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടിലാകുന്നത്. തീരദേശത്തെ വീടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി. ഫ്‌ളോറിഡ സംസ്ഥാനത്തുടനീളം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് അതിശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1921ന് ശേഷം ഫ്‌ളോറിഡ നേരിടുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാണിത്.

അതിശക്തമായ കാറ്റഗറി നാലില്‍നിന്ന് കാറ്റഗറി ഒന്നിലേക്ക് മാറിയ കൊടുങ്കാറ്റ് വെള്ളിയാഴ്ച്ച രാത്രിയോടെ മണിക്കൂറില്‍ 60 മൈല്‍ വേഗത്തിലാണ് വീശുന്നത്.

സൗത്ത് കരോലിന സംസ്ഥാനത്ത് കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് അധികൃതര്‍ തുടങ്ങി.

കൊടുങ്കാറ്റിന്റെ അനന്തരഫലങ്ങള്‍ പുതിയ അപകടങ്ങള്‍ ഉയര്‍ത്തുകയാണ്. എല്ലായിടത്തും കെട്ടിടാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണ്. വൈദ്യതി ലൈനുകളില്‍ തട്ടി അപകമുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്. റോഡുകളില്‍ ട്രാഫിക് സിഗ്‌നലുകള്‍ പൊട്ടിക്കിടക്കുകയാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ ജനറേറ്ററിന്റെ തെറ്റായ ഉപയോഗം കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയ്ക്ക് കാരണമാകുമെന്നും അധികൃതര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.