'റോഡപകടത്തില്‍ ഒരു വര്‍ഷം പൊലിയുന്നത് ലോകമഹായുദ്ധത്തില്‍ നഷ്ടമാകുന്നതിലും ഏറെ ജീവനുകള്‍'; കുട്ടികള്‍ക്കായി റോഡ് സുരക്ഷാ പുസ്തകം

'റോഡപകടത്തില്‍ ഒരു വര്‍ഷം പൊലിയുന്നത് ലോകമഹായുദ്ധത്തില്‍ നഷ്ടമാകുന്നതിലും ഏറെ ജീവനുകള്‍'; കുട്ടികള്‍ക്കായി റോഡ് സുരക്ഷാ പുസ്തകം

തിരുവനന്തപുരം: പ്‌ളസ് ടു പരീക്ഷയോടൊപ്പം ലേണേഴ്സ് ടെസ്റ്റ് നടത്തുന്നതോടൊപ്പം റോഡ് സുരക്ഷയെ സംബന്ധിച്ചും കുട്ടികളില്‍ അവബോധമുണ്ടാക്കാനുളള പ്രവര്‍ത്തനവുമായി സംസ്ഥാന സര്‍ക്കാര്‍.

ഹയര്‍സെക്കന്‍ഡറി തലം മുതല്‍ റോഡ് നിയമങ്ങളെക്കുറിച്ച് പഠിപ്പിച്ച് അതിലൂടെ ലൈസന്‍സ് ടെസ്റ്റ് എടുക്കുന്ന സമയമാകുമ്പോഴേക്കും റോഡ് നിയമങ്ങള്‍ കുട്ടികള്‍ അറിയാനും അത്തരം സംസ്‌കാരത്തോടെ റോഡില്‍ പെരുമാറുന്നതിനും സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് അവബോധം നല്‍കുന്ന റോഡ് സുരക്ഷാ പുസ്തകം ഗതാഗത വകുപ്പ് പുറത്തിറക്കി.

റോഡ് മര്യാദകള്‍, അപകടങ്ങള്‍, ദുരന്ത സാധ്യതകള്‍, വാഹനങ്ങള്‍, റോഡുകള്‍, റോഡ് ഉപയോക്താക്കളുടെ സ്വഭാവ സവിശേഷതകള്‍, റോഡ് മാര്‍ക്കിങ്ങുകള്‍, റോഡ് സൈനുകള്‍, വിവിധ സുരക്ഷാ സംവിധാനങ്ങളും അവയുടെ ശരിയായ ഉപയോഗവും അപകടകരവും അശ്രദ്ധവുമായ ഡ്രൈവിംഗ് രീതികള്‍, കുട്ടികള്‍ വാഹനം ഓടിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന വിവിധ ദുരന്ത സാധ്യതകളും നിയമ പ്രശ്‌നങ്ങളും അന്തരീക്ഷ മലിനീകരണവും അതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇങ്ങനെ വിവിധ കാര്യങ്ങള്‍ ബുക്കില്‍ സമഗ്രമായി ഉള്‍പ്പെടുത്തിയിട്ടണ്ട്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കണക്കുകള്‍ പ്രകാരം ഒരു ലോക മഹായുദ്ധത്തില്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ജീവന്‍ റോഡില്‍ നഷ്ടപ്പെടുന്ന രാജ്യമാണ് നമ്മുടേത്. ഏകദേശം ഒന്നര ലക്ഷത്തിന് മുകളില്‍ നിരത്തില്‍ കൊല്ലപ്പെടുന്ന, അതില്‍ തന്നെ പകുതിയോളം യുവജനങ്ങള്‍ എന്നത് പ്രത്യേക ശ്രദ്ധ വേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ ഹയര്‍സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കുന്ന സമയം ആകുമ്പോഴേക്കും റോഡ് നിയമങ്ങളെക്കുറിച്ചും റോഡ് മര്യാദകളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനും അതോടൊപ്പം സംസ്‌കാര പൂര്‍ണമായി നിരത്തില്‍ പെരുമാറുന്നതിനെക്കുറിച്ചും പഠിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ അപകട മരണങ്ങള്‍ നടക്കുന്ന നമ്മുടെ രാജ്യത്തിന്റെ നിലവിലെ റോഡപകട സ്ഥിതിയെക്കുറിച്ചും മോട്ടോര്‍ സൈക്കിള്‍ ഉള്‍പെടെ ഉള്ള വാഹനങ്ങളുടെ അപകട സാധ്യതകളെക്കുറിച്ചും നമ്മുടെ യുവതലമുറയെ പരിശീലിപ്പിക്കേണ്ടതുണ്ട്. പാഠ്യ പദ്ധതിയുടെ പരിഷ്‌കരണം നടക്കുന്ന ഈ വേളയില്‍ അതുകൊണ്ടു തന്നെയാണ് സംസ്ഥാന ഗതാഗത വകുപ്പ്, വരും തലമുറയെ സംസ്‌കാര പൂര്‍ണമായ ഒരു ജനതയാക്കി മാറ്റുന്നതിനുള്ള തീവ്ര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ടെക്സ്റ്റ് ബുക്ക് തയ്യാറാക്കി നല്‍കുന്നത്.

റോഡ് മര്യാദകള്‍, അപകടങ്ങള്‍, ദുരന്ത സാധ്യതകള്‍, വാഹനങ്ങള്‍, റോഡുകള്‍, റോഡ് ഉപയോക്താക്കളുടെ സ്വഭാവ സവിശേഷതകള്‍, റോഡ് മാര്‍ക്കിങ്ങുകള്‍, റോഡ് സൈനുകള്‍, വിവിധ സുരക്ഷാ സംവിധാനങ്ങളും അവയുടെ ശരിയായ ഉപയോഗവും അപകടകരവും അശ്രദ്ധവുമായ ഡ്രൈവിങ് രീതികള്‍, കുട്ടികള്‍ വാഹനം ഓടിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന വിവിധ ദുരന്ത സാധ്യതകളും നിയമപ്രശ്‌നങ്ങളും അന്തരീക്ഷ മലിനീകരണവും അതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും മോട്ടോര്‍ വാഹന രംഗത്തും ഗതാഗത രംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തര മാറ്റങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം.

ഒന്നരക്കോടിയില്‍ അധികം വരുന്ന വാഹനങ്ങളും മൂന്നു കോടിയില്‍ അധികം വരുന്ന റോഡ് ഉപയോക്താക്കളും ഉള്ള നമ്മുടെ സംസ്ഥാനത്ത് ഓരോരുത്തര്‍ക്കും റോഡ് നിയമങ്ങളെക്കുറിച്ച് പഠിപ്പിക്കുക എന്നുള്ളത് വളരെ അത്യാവശ്യമായ ഒന്നാണെങ്കിലും അത്യന്തം ശ്രമകരമായ ഒരു ദൗത്യമാണ്. അതുകൊണ്ടാണ് സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ ഈ കാര്യങ്ങള്‍ പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കുകയും സുരക്ഷിതമായും മര്യാദ പൂര്‍ണമായും നിരത്തുകളില്‍ പെരുമാറുന്ന ഒരു തലമുറയെ സൃഷ്ടിക്കുകയും ചെയ്യുക എന്നുള്ളത് അത്യന്താപേക്ഷിതം ആകുന്നത്.

ഒരു പക്ഷെ രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള സമഗ്രമായ ഒരു പാഠപുസ്തകം തയ്യാറാക്കുന്നതും അത് കുട്ടികളിലേക്ക് നല്‍കുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്ന വിപ്ലവകരമായ ഒരു തീരുമാനം നടപ്പിലാക്കുന്നത്. ഈ പുസ്തകം മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കുന്നതോടൊപ്പം നിരന്തരമായി പുതിയ പാഠഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ലൈസന്‍സ് കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡ്രൈവിങ് സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും മറ്റ് കോളജ് യൂണിവേഴ്‌സിറ്റി തല വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കുക എന്ന സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. നഴ്‌സറി തലം മുതല്‍ തുടങ്ങുന്ന പ്രൈമറി വിദ്യാര്‍ത്ഥികളില്‍ കൂടി റോഡ് ഉപയോഗത്തെക്കുറിച്ചുള്ള പ്രാഥമിക പാഠങ്ങളും ഇതോടൊപ്പം തന്നെ തയ്യാറാക്കി നല്‍കേണ്ടതുണ്ട്.

നമുക്ക് ഒന്നായി നമ്മുടെ റോഡുകള്‍ സുരക്ഷിതമാക്കാം...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.