'എല്ലാം ഇറങ്ങിപ്പൊക്കോണം, തന്നെ ഒരു ചുക്കും ചെയ്യാനാവില്ല'; യാത്രക്കാരെ അസഭ്യം പറഞ്ഞ് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍

'എല്ലാം ഇറങ്ങിപ്പൊക്കോണം, തന്നെ ഒരു ചുക്കും ചെയ്യാനാവില്ല'; യാത്രക്കാരെ അസഭ്യം പറഞ്ഞ് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍

തിരുവനന്തപുരം: പാര്‍ക്ക് ചെയ്തിരുന്ന ബസില്‍ കയറിയ യാത്രക്കാരെ രൂക്ഷമായ ഭാഷയില്‍ അസഭ്യം പറഞ്ഞ് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍. തിരുവനന്തപുരം ചിറയിന്‍കീഴാണ് സംഭവം. ബസിലിരുന്ന യാത്രക്കാരോട് കടുത്ത ഭാഷയില്‍ അസഭ്യം പറഞ്ഞ ശേഷം അവരോട് ഇറങ്ങിപ്പോകാനും കണ്ടക്ടര്‍ ആവശ്യപ്പെട്ടു.

തനിക്ക് കഴിക്കാനിരിക്കാനുളള സീറ്റാണെന്നും താന്‍ കഴിച്ച് കഴിയുന്നതു വരെ ആരും ബസില്‍ ഇരിക്കരുതെന്നും പറഞ്ഞാണ് കൈക്കുഞ്ഞുമായി ഇരുന്ന വനിതാ യാത്രക്കാര്‍ ഉള്‍പ്പടെയുള്ളവരോട് ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ദേഷ്യപ്പെട്ടത്. യാത്രക്കാര്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ഇവരോട് കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയായിരുന്നു.

ബസില്‍ നിന്നിറങ്ങിയ യാത്രക്കാര്‍ ഇവരുമായി തര്‍ക്കിച്ചതോടെ എന്ത് വേണമെങ്കിലും ചെയ്യാനും തന്നെ ഒരു ചുക്കും ചെയ്യാനാവില്ലെന്നും കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു. യാത്രക്കാരിലൊരാള്‍ സംഭവം പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഉച്ചയൂണിന്റെ സമയത്താണ് സംഭവം ഉണ്ടായത്.

കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ മകളുടെ കണ്‍സഷന്‍ പുതുക്കാനെത്തിയ പിതാവിനെ ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയുണ്ടായ ഈ സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. കാട്ടാക്കട സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയെങ്കിലും കോടതി ജാമ്യം തള്ളിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.