തിരുവനന്തപുരം: കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ കളങ്കങ്ങളില്‍പ്പെടാത്ത സൗമ്യനായ രാഷ്ട്രീയ നേതാവായിരുന്നു കോടിയേരിയെന്ന കോടിയേരി ബാലകൃഷ്ണന്‍. വിവാദങ്ങളില്‍ ആടിയുലയുന്ന ഘട്ടത്തില്‍പ്പോലും സമചിത്തതയോടെ ആരോപണങ്ങളെ നേരിട്ടു. പറയേണ്ടത് കൃത്യമായി പറഞ്ഞും പ്രായോഗികതയെ മുറുകെപിടിച്ചും പാര്‍ട്ടിയിലും മുന്നണിയിലും അനിഷേധ്യ നേതാവായി മാറി. 
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മാഹി മഹാത്മാ ഗാന്ധി ഗവണ്‍മെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. പഠനകാലത്ത് എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. 
പതിനാറാം വയസ്സില്‍ സിപിഎം അംഗത്വം എടുത്ത കോടിയേരി 19-ാം വയസില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. ഇരുപതാം വയസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശേരിയില്‍ നിന്ന് നിയമസഭയിലെത്തി. 2001 ല്‍ പ്രതിപക്ഷ ഉപനേതാവായി. 2006 ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുമന്ത്രിയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും തമ്മില്‍ വിഭാഗീയത രൂക്ഷമായിരുന്ന സമയത്ത് മധ്യസ്ഥന്റെ റോള്‍ വഹിച്ചിരുന്നതും കോടിയേരിയായിരുന്നു. 
2015-ലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കോടിയേരി എത്തുന്നത്. 2016 ല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 2018 ല്‍ കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പാര്‍ട്ടിയിലും മുന്നണിയിലും രൂപംകൊണ്ട അസ്വാരസ്യങ്ങളെയും പ്രശ്‌നങ്ങളെയും മികച്ച രീതിയില്‍ അദ്ദേഹം കൈകാര്യം ചെയ്തു.
മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും വലിയ വിവാദങ്ങളിലും കേസുകളിലും അകപ്പെട്ടിരുന്ന കാലത്താണ് കോടിയേരിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നത്. ബിനോയിക്കെതിരായ കേസും നൂലാമാലകളും ബിനീഷിന്റെ അറസ്റ്റും കോടിയേരിയെ രാഷ്ട്രീയമായും വ്യക്തിപരമായും ബാധിച്ചു. 
തുടര്‍ന്ന് 2020 നവംബര്‍ 13 ന് സിപിഎം സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് അദ്ദേഹം അവധിയെടുക്കുകയും ആക്ടിങ് സെക്രട്ടറിയായി എ.വിജയരാഘവന്‍ ചുമതലയേല്‍ക്കുകയും ചെയ്തു. ചികിത്സയ്ക്കു ശേഷം വീണ്ടും കോടിയേരി സെക്രട്ടറിസ്ഥാനത്തേക്ക് തിരിച്ചെത്തി. എന്നാല്‍ ആരോഗ്യസ്ഥിതി വീണ്ടും മോശമായതോടെ സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.