കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് പയ്യാമ്പലത്ത്. മൃതദേഹം ഇന്ന് രാവിലെ എയര്‍ ആംബുലന്‍സില്‍ തലശേരിയില്‍ എത്തിക്കും. ഞായറാഴ്ച ഉച്ച മുതല്‍ തലശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കും. മൂന്നിന് രാവിലെ 11 മുതല്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത് സംസ്‌കാരം.
ഇന്ന് മുഴുവന്‍ സമയവും ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചേയ്ക്കുമെന്നും സൂചനയുണ്ട്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടു നല്‍കും. അതിനു ശേഷം പതിനൊന്നു മുതല്‍ രണ്ടു വരെ അഴിക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷമാകും സംസ്‌കാരം. കോടിയേരിയുടെ വിയോഗത്തിന് പിന്നാലെ എകെജി സെന്ററിലെ പാര്‍ട്ടി പതാക താഴ്ത്തികെട്ടി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോടിയേരിയോടുള്ള ആദര സൂചകമായി സിപിഐഎം പതാക പകുതി താഴ്ത്തി കെട്ടി പ്രവര്‍ത്തകരും ദുഖത്തില്‍ പങ്കുചേരുകയാണ്. വിവിധ ഇടങ്ങളില്‍ ചെറുതും വലുതുമായ അനുശോചന യോഗങ്ങളും ചേരുന്നുണ്ട്.
അതേസമയം ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ടിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അര്‍ബുദബാധ ഉള്‍പ്പെടെ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്ന കോടിയേരി ശനിയാഴ്ച രാത്രി എട്ടോടെയാണ് അന്തരിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഓഗസ്റ്റ് 29 മുതല്‍ ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കെ ആരോഗ്യനില മോശമായതോടെയാണ് കോടിയേരി വിദഗ്ധ ചികിത്സയ്ക്ക് ചെന്നൈയിലേക്ക് പോയത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.