കോടിയേരിക്ക് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തി ആദരമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

കോടിയേരിക്ക് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തി ആദരമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അനുശോചിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തി മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ബന്ധുക്കളെ കണ്ട് അനുശോചനം അറിയിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയും ആശുപത്രിയില്‍ നേരിട്ടെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകിയെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗേവിന്ദന്‍ ഇന്നലെ രാത്രി തന്നെ ഇവിടെ എത്തിയിരുന്നു. സിപിഎമിന്റെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണനും ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. എംബാം ചെയ്യാനായി രാത്രി 11.50 ഓടെ മൃതദേഹം രാമചന്ദ്ര ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ലാല്‍സലാം, വീരവണക്കം വിളികളുമായി പ്രിയ സഖാവിന് അന്ത്യാഞ്ജലി നേര്‍ന്നു.

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തും. ഡെല്‍ഹി എകെജി ഭവനില്‍ അവൈലബിള്‍ പിബി യോഗം ചേര്‍ന്നാണ് അനുശോചനം രേഖപ്പെടുത്തുക. തുടര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മാധ്യമങ്ങളോട് സംസാരിക്കും. പിന്നാലെ സംസ്‌കാര ചടങ്ങുകള്‍ക്കായി നേതാക്കള്‍ കേരളത്തില്‍ എത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.