പിങ്ക് പൊലീസ് അപമാനിച്ച എട്ട് വയസുകാരക്ക് സര്‍ക്കാര്‍ 1,75,000 രൂപ കൈമാറി; പണം ഉദ്യോഗസ്ഥയില്‍ നിന്ന് തിരിച്ചു പിടിക്കും

പിങ്ക് പൊലീസ് അപമാനിച്ച എട്ട് വയസുകാരക്ക് സര്‍ക്കാര്‍ 1,75,000 രൂപ കൈമാറി; പണം ഉദ്യോഗസ്ഥയില്‍ നിന്ന് തിരിച്ചു പിടിക്കും

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച എട്ട് വയസുകാരിക്ക് 1,75,000രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. ഹൈക്കോടതി നിര്‍ദ്ദേശിച്ച നഷ്ടപരിഹാര തുക കുട്ടിയുടേയും അച്ഛന്‍ ജയചന്ദ്രന്റേയും സംയുക്ത അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായ ശേഷമേ പണം പിന്‍വലിക്കാനാകൂ. പണം കുട്ടിയെ അപമാനിച്ച സിവില്‍ പൊലീസ് ഓഫീസര്‍ രജിതയില്‍ നിന്നും ഈടാക്കും.

കഴിഞ്ഞ ഡിസംബര്‍ 22നാണ് എട്ട് വയസുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും പെണ്‍കുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിനിറുത്തണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായത്.

2021 ഓഗസ്റ്റ് 27ന് ആയിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡില്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ ലഭിച്ചു. എന്നിട്ടും പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയതോടെയാണ് പരാതിയുമായി ജയചന്ദ്രന്‍ രംഗത്തെത്തിയത്. ഇത് കുട്ടിയെ മാനസികമായി തളര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം നല്‍കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.