ഗാന്ധിജി-ജനഹൃദയങ്ങളിലൂടെ യാത്ര ചെയ്ത നേതാവ്

ഗാന്ധിജി-ജനഹൃദയങ്ങളിലൂടെ യാത്ര ചെയ്ത നേതാവ്

അഞ്ചു സഹസ്രാബ്ദങ്ങളുടെ ആര്‍ഷപുണ്യമായ ഭാരതം ലോക സമൂഹത്തിനു മുന്നില്‍ രാഷ്ട്രീയ കുലീനതയുടെ ഹിമാലയമായി ഉയര്‍ന്നു നില്‍ക്കുകയാണ്. ലോക ചരിത്രത്തില്‍ത്തന്നെ ഭാരതം എന്ന പേര്‍ അന്തസിന്റെയും ആഭിജാത്യത്തിന്റെയും പര്യായമാണ്. അന്യരാജ്യങ്ങളും അയല്‍രാജ്യങ്ങളുമായി ഭാരതം പുലര്‍ത്തുന്ന ക്രിയാത്മകമായ സമീപനം

സര്‍വാദരണീയമാണ്. ഭാരതത്തിന്റെ ഔന്നത്യം ഒരു പേരിന്റെ നേരിലേക്ക് ഊറി നില്‍ക്കുമ്പോള്‍, ആ പേര്‍ എല്ലാ ഭാരതീയരുടെയും അധരങ്ങളില്‍ ഉണരും - മഹാത്മാഗാന്ധി.
ഗാന്ധിജിക്കു ജന്മം നല്‍കിയ നാട് എന്ന പേരില്‍ ഭാരതം ആദരിക്കപ്പെടുമ്പോള്‍ ഗാന്ധിജി എന്ന വ്യക്തിയുടെ നേതൃത്വ ശൈലിയുടെ സ്ട്രാറ്റജി പഠിക്കാന്‍ വളരുന്ന ഭാരതം ഇനിയുമേറെ വളരേണ്ടതുണ്ട് എന്നത് സത്യമാണ്. ഗാന്ധിജി വ്യത്യസ്തമായ സ്വയാവതരണത്തിലൂടെ ജനമനസുകളെ കീഴടക്കിയ നേതാവാണ്.

ഗാന്ധി ശൈലിയുടെ ഐക്കണായി വാഴ്ത്തപ്പെടുന്നത് ദണ്ഡി യാത്രയാണ്. ഗാന്ധിജിയുടെ ദണ്ഡിയാത്ര ജനഹൃദയങ്ങളിലൂടെ ഒരു നേതാവു നടത്തിയ യാത്രയായിരുന്നു. ഗാന്ധിജി ഇന്ത്യയുടെ ഹൃദയത്തിലൂടെ യാത്ര ചെയ്തു. എന്നാല്‍ ഇന്നും ഗാന്ധിജിയുടെ ഹൃദയത്തിലൂടെ യാത്ര ചെയ്യാന്‍, ആ ഹൃദയ വഴികള്‍ ഇന്ത്യയ്ക്കിന്നും അപരിചിതമല്ലേ!

ഇന്നു നിരവധി നേതാക്കന്മാര്‍ പദയാത്രകള്‍ നടത്താറുണ്ട്. ചിലര്‍ വാഹനയാത്രയും നടത്താറുണ്ട്. ഇതു രക്ഷായാത്രകളുടെ കാലമാണ്. കേരള രക്ഷായാത്ര, കേരള വിമോചനയാത്ര, ശാന്തിയാത്ര, സമാധാ ന സന്ദേശ യാത്ര, ഭാരതയാത്ര, രഥയാത്ര, വാഹനയാത്ര, സഹന സമരയാത്ര... ഇങ്ങനെ എത്രയെത്ര യാത്രകള്‍ ഇന്നത്തെ നേതാക്കന്മാര്‍ നടത്തുന്നു.

വഴിയോരങ്ങളില്‍ വലിയ പന്തലുകളിട്ട ജനങ്ങളുടെ വഴി മുടക്കി, കര്‍ണകഠോരമായ അട്ടഹാസങ്ങളും മുദ്രാവാക്യങ്ങളുമായി പരമാവധി ശബ്ദ മലിനീകരണം നടത്തി രാജ്യരക്ഷാ യാത്ര നടത്തുകയാണ് ആധുനിക നേതാക്കന്മാര്‍.

തിരഞ്ഞെടുപ്പ് അടുക്കുന്തോറും ഇത്തരത്തിലുള്ള രക്ഷാ യാത്രകളുടെ ശിക്ഷകള്‍ ജനം സഹിക്കണം. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ യാത്ര കഴിയുന്നതോടെ, ജനമനസില്‍ നിന്ന് പുറംതള്ളപ്പെടും. ഇത്തരത്തിലുള്ള പല യാത്രകളും പല നേതാക്കന്മാരുടെയും ജനമനസിലെ അന്ത്യയാത്രയുമായിരിക്കും. രാജ്യ വിമോചനയാത്ര നടത്തി, ജനസ്വാതന്ത്യത്തെ ബന്ധനത്തിലാക്കുന്നവരെ ജനം മനസില്‍ നിന്നും മോചിപ്പിക്കും.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്ദറില്‍ ജനിച്ച് 1948 ജനുവരി 30ന് രക്ത സാക്ഷിത്വം വരിച്ച ഇന്ത്യയുടെ രാഷ്ട്രപിതാവ് ഇന്നും ലോകമനസിനു മുന്നില്‍ ഒരു മഹാ പാഠപുസ്തകമാണ്. അക്രമമല്ല, ആന്തരീകമായ മൂല്യക്രമമാണ് ഒരു ജനതയുടെ വിമോചനത്തിനുള്ള മുലധനമെന്ന് അദ്ദേഹം ലോകത്തെ പഠിപ്പിച്ചു. അഹിംസ എന്ന പദം വിവര്‍ത്തനം ചെയ്യാതെ ഓരോ ലോകഭാഷയും സ്വന്തമാക്കിയത് ഗാന്ധിജിയുടെ പര്യായപദമായിട്ടാണ്. ഇന്ന് അഹിംസ എന്ന പദം ലോക മനസാക്ഷിയുടെ മുന്നില്‍ മാനവികതയുടെ ആകാശവും കടലുമായി മാറിയതെങ്ങനെയെന്ന് പുതുതലമുറ പഠിക്കണം.

ഗാന്ധിജിയുടെ ജീവിതയാത്ര മണ്ണിലൂടെയായിരുന്നില്ല. മനസില്‍ക്കൂടെയായിരുന്നു. ഒരു കാലത്തിന്റെ ചിന്താധാരകളെയും മൂല്യ ബോധത്തെയും തന്റെ നടപ്പാതയാക്കി കാലത്തില്‍ നിന്നും കാലത്തിലേക്ക് യാത്ര ചെയ്യുകയാണ് ഇന്നും ഗാന്ധിജി. മെല്ലിച്ചുണങ്ങിയ ശരീരവും വലംകൈയിലൊരു ചുള്ളിക്കമ്പുമായി ഗ്രാമീണ ഭാരതത്തിന്റെ മണ്‍വീഥിയിലൂടെ ഒരു മന്ദമാരുതനായി നടന്നു പോയ ഗാന്ധി ഇന്നും പുതിയ ഭാരതത്തിനു മാത്രമല്ല, യുദ്ധവും ഭീകരവാദവും മതതീവ്രവാദവും മുറിവേല്‍പ്പിക്കുന്ന ആധുനിക മനുഷ്യ മനസുകള്‍ക്കും കാലത്തിന്റെ ചതിക്കുഴികളെ അതിജീവിക്കാനുള്ള ഒരു ഊന്നുവടിയാണ്. ഗാന്ധിജയന്തിവാരത്തില്‍ ആ ഊന്നുവടികൊണ്ട് നമുക്കു തോണ്ടിക്കളയാം, ഇന്ത്യയുടെ വഴിയിലെ എല്ലാ മാലിന്യങ്ങളും.

ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും.

ഫാ. റോയി കണ്ണൻചിറയുടെ കൂടുതൽ കൃതികൾ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.