കള്ളനോട്ട് കടത്തിന് ആംബുലന്‍സ്; ഗുജറാത്തില്‍ പിടികൂടിയത് 100 കോടിയുടെ വ്യാജ നോട്ട്

 കള്ളനോട്ട് കടത്തിന് ആംബുലന്‍സ്; ഗുജറാത്തില്‍ പിടികൂടിയത് 100 കോടിയുടെ വ്യാജ നോട്ട്

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലും ജാംനഗറിലുമായി 100 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടി. സമീപ കാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടയാണിത്. നോട്ടുകള്‍ നേരിട്ട് വിപണിയില്‍ എത്തിക്കുന്നതിന് പകരം ഒരു എന്‍ജിഒ വഴി റാക്കറ്റ് രൂപീകരിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ഹിതേഷ് കൊട്ടാഡിയ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി.

കംരെജില്‍ ഹിതേഷ് കൊട്ടാഡിയ ഓടിച്ച ആംബുലന്‍സില്‍ നിന്ന് സെപ്റ്റംബര്‍ 29ന് 25.80 കോടി വിലയുള്ള നോട്ടുകള്‍ കണ്ടെടുത്തതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ശനിയാഴ്ച ഇയാളുടെ ജന്മനാടായ മോട്ടവഡാലയില്‍ നിന്ന് 53 കോടിയോളം രൂപ മൂല്യമുള്ള 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തു.

പണം ആവശ്യമുള്ളപ്പോഴെല്ലാം സൂറത്തിലേക്ക് ആംബുലന്‍സ് മാര്‍ഗമാണ് ഹിതേഷ് നോട്ടുകള്‍ കടത്തിയിരുന്നത്. ആംബുലന്‍സ് ഉപയോഗിച്ചിരുന്നതിനാല്‍ ആരും സംശയിച്ചിരുന്നില്ല. അറസ്റ്റിലായ മറ്റൊരു പ്രതി വിപുല്‍ പട്ടേലില്‍ നിന്ന് 12 കോടിയുടെ നോട്ടുകളും പിടിച്ചെടുത്തു.

ഹിതേഷിന്റെ വീട്ടില്‍ നിലക്കടലയുടെ തൊണ്ടിനടിയില്‍ ഒളിപ്പിച്ച 19 പെട്ടികളില്‍ നിന്ന് പിന്നീട് കൂടുതല്‍ വ്യാജ നോട്ടുകള്‍ കണ്ടെടുത്തു. യഥാര്‍ത്ഥ കറന്‍സിയിലെ 17 തിരിച്ചറിയല്‍ അടയാളങ്ങളില്‍ 14 എണ്ണം മാത്രമാണ് ഈ നോട്ടുകളുമായി പൊരുത്തപ്പെടുന്നത്. എംബോസ്ഡ് നമ്പറുകള്‍ അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. വെള്ളി നൂല്‍ നഷ്ടപ്പെട്ടിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം 'റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ' എന്നാണ് എഴുതിയിരുന്നത്.

ഡിക്രി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ഹിതേഷ് ഒരു സന്നദ്ധ സംഘടന നടത്തുകയും നികുതി ഇളവുകള്‍ ലഭിക്കുന്നതിന് ബാങ്കുകള്‍ വഴി സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. ദാതാവിന് നികുതി ആനുകൂല്യം അവകാശപ്പെടാന്‍ കഴിയുന്ന ബാങ്ക് ഇടപാടിലൂടെയാണ് ഹിതേഷ് പണം സ്വീകരിച്ചത്.

പകരമായി തന്റെ കയ്യില്‍ ധാരാളം പണമുണ്ടെന്ന് ഹിതേഷ് അവരെ ബോധ്യപ്പെടുത്തി. ആവശ്യപ്പെടുന്നവര്‍ക്ക് വ്യാജ കറന്‍സി നല്‍കി കബളിപ്പിക്കുകയും ചെയ്തു. ആകെ 90 കോടി രൂപ വില വരുന്ന വ്യാജ കറന്‍സിയാണ് പൊലീസ് കണ്ടെടുത്തത്. 10 കോടി രൂപ ഇനിയും കണ്ടെത്താനുണ്ട്. വഞ്ചനയ്ക്ക് ഇരയായ പലരും പൊലീസിനെ സമീപിച്ചില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.