സിറിയയിലെ തടങ്കൽപ്പാളയങ്ങളിൽ നിരവധി ഓസ്‌ട്രേലിയയൻ സ്ത്രീകളും കുട്ടികളും; രക്ഷാപ്രവർത്തനത്തിന് തയ്യാറെടുത്ത് ഫെഡറൽ സർക്കാർ

സിറിയയിലെ തടങ്കൽപ്പാളയങ്ങളിൽ നിരവധി ഓസ്‌ട്രേലിയയൻ സ്ത്രീകളും കുട്ടികളും; രക്ഷാപ്രവർത്തനത്തിന് തയ്യാറെടുത്ത് ഫെഡറൽ സർക്കാർ

സിഡ്നി: സിറിയൻ തടങ്കൽപ്പാളയങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഡസൻ കണക്കിന് ഓസ്‌ട്രേലിയൻ സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാനുള്ള ദൗത്യം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളുമായി ഫെഡറൽ സർക്കാർ. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലെ തീവ്രവാദികളുമായി ബന്ധപ്പെട്ട 20 ലധികം ഓസ്‌ട്രേലിയൻ സ്ത്രീകളും 40 ലധികം കുട്ടികളും സിറിയയിലെ അൽ-ഹാൾ ക്യാമ്പിലും റോജ് ക്യാമ്പുകളിൽ തടവിൽ കഴിയുന്നതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഭീകര പ്രവർത്തനങ്ങളിൽ കൊല്ലപ്പെട്ടവരുടെ വിധവകളും കുട്ടികളും അല്ലെങ്കിൽ ജയിലിൽ അടയ്ക്കപ്പെട്ടവരുടെ ഭാര്യമാരും കുഞ്ഞുങ്ങളുമാണ് വടക്ക്-കിഴക്കൻ സിറിയയിലെ ക്യാമ്പുകളിൽ തടവിൽ കഴിയുന്നത്.

ആദ്യഘട്ടമായി 20-ലധികം ഓസ്‌ട്രേലിയൻ പൗരന്മാരെ സ്വദേശത്തേക്കു മടക്കിക്കൊണ്ടു വരും. ഇവരിൽ ഭൂരിപക്ഷം പേരും കുട്ടികളാകും. എല്ലാ ഓസ്‌ട്രേലിയക്കാരെയും ഒരേസമയം ക്യാമ്പുകളിൽ നിന്നും പുറത്തെത്തിക്കാൻ കഴിയില്ലെന്നും അതിനാൽ രക്ഷാപ്രവർത്തനം ഘട്ടം ഘട്ടമായി തുടർന്നുള്ള മാസങ്ങളിലും നടത്തുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഇവരെ തിരികെ കൊണ്ടുവരുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്ന അഭിപ്രായവും ഓസ്‌ട്രേലിയയിൽ ഉയരുന്നുണ്ട്.


ക്യാമ്പുകളിൽ കഴിയുന്ന പല സ്ത്രീകളും അവരുടെ ഭർത്താക്കന്മാരുടെ സമ്മർദത്തിന് വഴങ്ങിയാണ് സിറിയയിലെത്തിയത്. നിർബന്ധത്തിന് വഴങ്ങിയും കബളിക്കപ്പെട്ടുമാണ് തങ്ങൾ സിറിയയിലെത്തിയതെന്ന് പല സ്ത്രീകളും പറയുന്നു. പിന്നീട് ക്യാമ്പുകളിൽ എത്തിയ ശേഷം അവർക്ക് കുഞ്ഞുങ്ങൾ ജനിച്ചു. ഇത്തരത്തിൽ ക്യാമ്പുകളിൽ കഴിയുന്ന ഓസ്‌ട്രേലിയൻ കുട്ടികളിൽ ഭൂരിഭാഗം പേരും ആറ് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളാണ്.

44 കുട്ടികൾ ഉൾപ്പെടെയുള്ള ഓസ്‌ട്രേലിയക്കാരിൽ ഭൂരിഭാഗവും ഇറാഖി അതിർത്തിയോട് ചേർന്നുള്ള റോജ് ക്യാമ്പിലാണ്. ഇത് താരതമ്യേന അൽ-ഹൗലിനേക്കാൾ സുരക്ഷിതമായ ഇടമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും പോഷകാഹാരക്കുറവ്, അസുഖം, അക്രമം എന്നിവ ഇവിടെയും സാധാരണമാണ്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട തീവ്രവാദ പ്രവർത്തനങ്ങൾ ഇപ്പോഴും സജീവമായതിനാലാണ് അൽ-ഹാൾ അങ്ങേയറ്റം അപകടകാരിയായി കണക്കാക്കപ്പെടുന്നത്. നിരവധി ഓസ്‌ട്രേലിയക്കാരാണ് ഇവിടെ തടവിൽ കഴിയുന്നത്. കഴിഞ്ഞ ജൂൺ വരെയുള്ള ഒന്നരവർഷത്തിനിടെ നൂറിലധികം കൊലപാതകങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.

അൽ-ഹൗളിനുള്ളിൽ കഴിഞ്ഞ മാസം കുർദിഷ്, യുഎസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് ഒരു സൈനികനീക്കം നടത്തിയിരുന്നു. അതിൽ 300-ലധികം ഐഎസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ ക്യാമ്പിനുള്ളിൽ ചങ്ങലയിട്ട് വർഷങ്ങളായി പീഡിപ്പിക്കപ്പെട്ട ആറ് സ്ത്രീകളെയെങ്കിലും മോചിപ്പിക്കുകയും ചെയ്തു. അതിൽ ഒരു സ്ത്രീ 2014-ൽ ഇവിടെ തടവിലാക്കപ്പെട്ടതാണ്. അന്ന് അവൾ തടവിലാക്കപ്പെടുമ്പോൾ ഒമ്പത് വയസ് മാത്രമായിരുന്നു പ്രായം.


സിറിയയിലെ തടങ്കലിൽ കഴിയുന്ന ഓസ്‌ട്രേലിയൻ കുട്ടികൾ വളരെ ബുദ്ധിമുട്ടുന്നുണ്ട്. പലപ്പോഴും പോഷകകുറവും അതിശൈത്യവും ഇവരെ പിടിച്ചുലയ്ക്കുന്നു. സിഡ്‌നിയിൽ ജനിച്ച കൗമാരക്കാരനായ യൂസഫ് സഹാബ് മരിച്ചതായി ജൂലൈയിൽ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ മരണകാരണം വ്യക്തമല്ല. യൂസഫിന് ക്ഷയരോഗം പിടിപെട്ടിരുന്നു. സിറിയയിലേക്ക് കൊണ്ടുപോകുമ്പോൾ ഈ കുട്ടിക്ക് 11 വയസ്സായിരുന്നു.
സിറിയയിലേക്ക് കടത്തപ്പെടുകയും പിന്നീട് റോജ് ക്യാമ്പിൽ തടവിലാക്കപ്പെടുകയും ചെയ്ത പതിനാലുകാരിയായ ഓസ്‌ട്രേലിയൻ പെൺകുട്ടിയെ ഒരു ഐഎസ് പോരാളിയെ നിർബന്ധിച്ച് വിവാഹം കഴിച്ചു. അതിനുശേഷം അവൾ നാല് കുട്ടികൾക്ക് ജന്മം നൽകി.

സിറിയയിലെ ക്യാമ്പുകളിൽ നിന്ന് 2019-ൽ ഗർഭിണിയായ കൗമാരക്കാരി ഉൾപ്പെടെ അനാഥരായ എട്ട് ഓസ്‌ട്രേലിയക്കാരെ തിരികെ നാട്ടിലെത്തിക്കാൻ ഓസ്‌ട്രേലിയ ഒരു രഹസ്യ രക്ഷാദൗത്യം ആരംഭിച്ചിരുന്നു. എന്നാൽ അന്ന് ദൗത്യത്തിലെ സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൂടുതൽ പേരെ തിരികെ കൊണ്ടുവരാൻ സർക്കാർ വിസമ്മതിക്കുകയായിരുന്നു.

ഓസ്‌ട്രേലിയൻ സർക്കാരിന്റെ മുൻ‌ഗണന ഓസ്‌ട്രേലിയക്കാരുടെയും ഓസ്‌ട്രേലിയയുടെ ദേശീയ താൽപ്പര്യത്തിന്റെയും സംരക്ഷണമാണെന്ന് ആഭ്യന്തര മന്ത്രിയുടെ വക്താവ് ക്ലെയർ ഒ നീൽ പറഞ്ഞു. വിഷയത്തിന്റെ സെൻസിറ്റീവ് സ്വഭാവം പരിഗണിച്ച് കൂടുതൽ അഭിപ്രായപ്രകടനം നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സിറിയൻ ക്യാമ്പുകളിൽ കഴിഞ്ഞ പലരും സ്വന്തം രാജ്യത്തേക്ക് തിരികെയെത്തുമ്പോൾ അവരെ ഇവിടേയ്ക്ക് തന്നെ മടക്കി അയക്കുകകയാണ് പല രാജ്യങ്ങളും ചെയ്യുന്നത്. ജർമ്മനി തങ്ങളുടെ പൗരന്മാരിൽ 91 പേരെയും ഫ്രാൻസ് 86 പേരെയും യുഎസ് 26 പേരെയും തിരിച്ചയച്ചു. കസാക്കിസ്ഥാൻ 700-ലധികം പൗരന്മാരെയും റഷ്യയും കൊസോവോയും 200-ലധികം പൗരന്മാരെ തിരിച്ചയച്ചു. എന്നാൽ ക്യാമ്പുകളിൽ കഴിയുന്ന അനാഥർ ഉൾപ്പെടെയുള്ള പൗരന്മാരെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള ഒരു ഓപ്പറേഷൻ ഫ്രാൻസ് നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.