കണ്ണൂര്‍: ചുവപ്പന്‍ അഭിവാദ്യങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിയ്ക്കവേ സിപിഎമ്മിന്റെ സമുന്നത നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം പയ്യാമ്പലത്തെ ചിതകള്‍ ഏറ്റു വാങ്ങി. മുതിര്‍ന്ന സി.പി.എം നേതാക്കളായ ഇ.കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരത്തോടു ചേര്‍ന്നാണ് കോടിയേരിയുടെ അന്ത്യ വിശ്രമം.
മക്കളായ ബിനോയിയും ബിനീഷും ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. ഭാര്യ വിനോദിനി, കുടുംബാംഗങ്ങള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിമാര്‍, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.
തലശേരി പെട്ടിപ്പീടികയിലെ വീട്ടില്‍ നിന്ന് രാവിലെ പതിനൊന്നിന് കണ്ണൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തുടങ്ങി നിരവധി നേതാക്കള്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
അഴീക്കോടന്‍ മന്ദിരത്തിലെ പൊതുദര്‍ശനത്തിനു ശേഷം കോടിയേരിയുടെ ഭൗതികദേഹം ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള പയ്യാമ്പലത്തേക്ക് വിലാപ യാത്രയായി കൊണ്ടുപോയി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം നേതാക്കളായ എം.വി ഗോവിന്ദന്‍, എം.എ ബേബി, എം.വിജയരാഘവന്‍, എം.വി ജയരാജന്‍ തുടങ്ങി നിരവധി പേര്‍ വിലാപ യാത്രയെ അനുഗമിച്ചു. വഴിയരികില്‍ ആയിരങ്ങളാണ് നേതാവിന്റെ അവസാന യാത്ര കാണാനെത്തിയത്.
അര്‍ബുദ രോഗ ബാധിതനായ കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികത്സയിലിരിക്കേ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അന്തരിച്ചത്. ഞായറാഴ്ച ഉച്ചയോടെ കണ്ണൂരിലെത്തിച്ച മൃതദേഹം രാത്രി പതിനൊന്നു വരെ തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു.
പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ പതിനൊന്നു മുതല്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒഫീസിലും പൊതുദര്‍ശനത്തിന് വച്ചിരുന്നു. സംസ്ഥാനത്തു നിന്നുള്ള പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിച്ചേര്‍ന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.