റിയോ ഡി ജനീറോ: ബ്രസീലില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടം രണ്ടാം ഘട്ടത്തിലേക്ക്. ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ലുല ഡ സില്‍വയും തീവ്രവലതുപക്ഷക്കാരനും നിലവിലെ പ്രസിഡന്റുമായ ജെയര്‍ ബോള്‍സോനാരോയും തമ്മിലുള്ള മത്സരത്തില്‍ ഒരു സ്ഥാനാര്‍ഥിയും 50 ശതമാനത്തിലധികം വോട്ട് നേടാത്തതിനാല്‍ തിരഞ്ഞെടുപ്പ് വീണ്ടും നടക്കും. കൂടുതല്‍ വോട്ട് നേടുന്ന രണ്ടുപേര്‍ മാത്രം സ്ഥാനാര്‍ഥികളായി ഒക്ടോബര്‍ 30-നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇരുവരും അടുത്തത്തടുത്ത് ഫിനിഷ് ചെയ്തതോടെയാണ് തിരഞ്ഞെടുപ്പ് 30 ന് നടക്കുന്ന റണ്ണോഫിലേക്ക് പോയതെന്ന് ബ്രസീലിയന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുന്‍ പ്രസിഡന്റ് ആദ്യ വോട്ടില്‍ വിജയിച്ചെങ്കിലും നിലവിലുള്ളതിനേക്കാള്‍ ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബ്രസീലുകാര്‍ വീണ്ടും പോളിങ് ബൂത്തിലെത്തുന്നത്. നിലവിലെ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ പ്രതീക്ഷകളെ അട്ടിമറിച്ചാണ് മുന്‍ പ്രസിഡന്റും ഇടത് നേതാവുമായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ മുന്നേറ്റം നടത്തിയത്.
99.5% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, ഭരണത്തിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ലുലയ്ക്ക് 48.3 ശതമാനം വോട്ടും പ്രസിഡന്റ് ബോള്‍സോനാരോയ്ക്ക് 43.3 ശതമാനം വോട്ടും ലഭിച്ചു. ഇതോടെയാണ് അടുത്തഘട്ടം 30 ന് നടത്താന്‍ തീരുമാനമായത്. 50 ശതമാനത്തിലേറെ നേടിയാല്‍ മാത്രമേ പ്രസിഡന്റായി ഒരാളെ പ്രഖ്യാപിക്കൂ എന്നതാണ് ബ്രസീലിലെ തിരഞ്ഞെടുപ്പ് നിയമം.
ഒരു സ്ഥാനാര്‍ത്ഥിയും പകുതിയിലധികം വോട്ടുകള്‍ നേടിയില്ലെങ്കില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയ സ്ഥാനാര്‍ത്ഥികളെ വച്ച് റണ്‍ ഓഫ് തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് നിയമം.
അതേ സമയം തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന അഭിപ്രായ വോട്ടെടുപ്പുകളില്‍ ലുല പ്രസിഡന്റ് പദവി ഒന്നാംഘട്ടം തെരഞ്ഞെടുപ്പില്‍ തന്നെ നേടും എന്നായിരുന്നു പ്രവചനം. എന്നാല്‍ അതിലേക്ക് ഫലങ്ങള്‍ എത്തിയില്ല. ഇപ്പോഴത്തെ ഫലത്തില്‍ പ്രതീക്ഷയുണ്ടെന്നാണ് ബോള്‍സോനാരോ ക്യാമ്പിന്റെ വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.