കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരത്തിനു ശേഷം പയ്യാമ്പലത്ത് ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കാനാവാതെ വികാര ഭരിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ഠമിടറി പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചാണ് മുഖ്യമന്ത്രി വേദി വിട്ടത്. കോടിയേരിയുടെ വിയോഗത്തിലൂടെയുണ്ടായ നഷ്ടം കൂട്ടായ പരിശ്രമത്തിലൂടെ നികത്താന്‍ ശ്രമിക്കുമെന്ന ഉറപ്പ് നല്‍കി പിണറായി പ്രസംഗം നിര്‍ത്തുകയായിരുന്നു.
കോടിയേരിയുടെ വേര്‍പാട് ഞങ്ങളെയെല്ലാം ഏത് രീതിയില്‍ വേദനിപ്പിച്ചോ അതേ വികാരവായ്പോടെ കേരള സമൂഹം ഏറ്റെടുക്കാന്‍ തയ്യാറായി. അപ്പോളോ ആശുപത്രിയിലെത്തിയപ്പോള്‍ വലിയ പരിചരണമാണ് ലഭിച്ചത്. ചില കാര്യങ്ങള്‍ നമ്മുടെ ആരുടെയും നിയന്ത്രണത്തിലല്ലോ. വല്ലാത്ത അവസ്ഥ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് സംഭവിച്ചിരുന്നു. നല്ല പ്രതീക്ഷയോടെയാണ് ചികിത്സ തുടങ്ങിയത്. ശരീരത്തിന്റെ അവസ്ഥ വലിയ അപകടകരമായിരുന്നു. പരമാവധി ശ്രമം നടത്തി. എല്ലാവരോടും ഈ ഘട്ടത്തില്‍ നന്ദി പറയുന്നു
മാധ്യമങ്ങള്‍ വളരെ ആരോഗ്യകരമായ നിലപാടാണ് സ്വീകരിച്ചത്. മനുഷ്യനന്മ പൂര്‍ണമായി അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കും വിധം ഒരുതരത്തിലും കലവറിയില്ലാതെ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് കണ്ടത്. സിപിഎമ്മിന്റെ താങ്ങാനാവാത്ത ഈ നഷ്ടത്തില്‍ ശരിയായ രീതിയില്‍ തന്നെ ആ വേദന ഉള്‍ക്കൊണ്ടുകൊണ്ട് ഒരു പക്ഷം എന്ന നിലയില്ലാതെ തന്നെ കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കോടിയേരിയുടെ ചരമത്തില്‍ മുന്നോട്ടു വന്നു. ഇതും ഇന്നത്തെ കാലത്തില്‍ എറെ പ്രാധാന്യമുള്ളതാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.
സഖാവ് കോടിയേരി സിപിഎമ്മിന്റെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. പെട്ടന്ന് ഒരു ദിവസം അദ്ദേഹം ഇല്ലാതാവുന്നുവെന്ന വാര്‍ത്ത കേട്ടപ്പോഴുള്ള വികാരവായ്പോടെയാണ് പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍, പാര്‍ട്ടി ഇങ്ങനെ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍, പാര്‍ട്ടി ബന്ധുക്കള്‍, സമൂഹത്തിന്റെ നാനാതലമുറയില്‍പ്പെട്ട എല്ലാവരും ഓടിയെത്തി കോടിയേരിയെ അവസാനമായി ഒന്നു കാണാന്‍ ശ്രമിച്ചത്.
ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെയാണ് ഞങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാറുള്ളതെങ്കിലും ഇത് പെട്ടന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ലെന്ന് ഞങ്ങള്‍ക്കറിയാം. പാര്‍ട്ടി സഖാക്കള്‍ക്ക്, പാര്‍ട്ടി ബന്ധുക്കള്‍ക്ക്, പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് നല്‍കാനുള്ളത് ഒരുറപ്പ് മാത്രമാണ്. ഈ നഷ്ടം വലുതാണ്. പക്ഷെ ഞങ്ങള്‍ അത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുന്നത്. ഇത്രയും പറഞ്ഞതോടെ തൊണ്ടയിടറി പിണറായി പ്രസംഗം അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.