രണ്ടാം ക്രിസ്തു എന്ന നാമധാരി വിശുദ്ധ ഫ്രാൻസിസ് അസീസി; ലിസി ഫർണാണ്ടസിന്റെ ഗാനം ശ്രദ്ധേയമാകുന്നു, വീഡിയോ

രണ്ടാം ക്രിസ്തു എന്ന നാമധാരി വിശുദ്ധ ഫ്രാൻസിസ് അസീസി; ലിസി ഫർണാണ്ടസിന്റെ ഗാനം ശ്രദ്ധേയമാകുന്നു, വീഡിയോ

അനുദിന വിശുദ്ധർ - ഒക്ടോബർ 04

ഇന്ന് ഒക്ടോബർ നാല് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ. 'തിരുസഭ ആകുന്ന ദേവാലയം പണി ചെയ്തു ഉയർത്തിടുവാൻ സ്വർഗ്ഗം നിയോഗിച്ച സ്നേഹ ശില്പി രണ്ടാം ക്രിസ്തുവെന്ന് നാമധാരി' എന്ന ലിസി ഫെർണാണ്ടസിന്റെ ഗാനം ശ്രദ്ധേയമാകുന്നു. യേശുവിന്റെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ച അസീസിയുടെ ഏറെ പ്രചോദാത്മകമായ വിശുദ്ധ ജീവിതത്തെ ഒപ്പിയെടുത്ത ഗാനം അസീസിയുടെ തിരുനാളായ ഇന്ന് ഏറെ പ്രാധാന്യമർഹിക്കുന്നു.


അസീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ പട്ടുവസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് പീറ്റര്‍ ബര്‍നാര്‍ദ് "മിനോരസ്" സമുദായത്തിലെ ബൂര്‍ഷ്വാ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു കച്ചവടക്കാരനായിരുന്നു. 

കച്ചവടം മൂലം കൈവന്ന ധനം കൊണ്ടും ധൈര്യം, അഭിപ്രായ ദാര്‍ഢ്യം മുതലായ സ്വഭാവവിശേഷം കൊണ്ടും അദ്ദേഹം അസീസിയിലെ പൗരന്മാരുടെ ഇടയില്‍ ഒരു പ്രമുഖ സ്ഥാനം ആര്‍ജ്ജിച്ചിരുന്നു. മാതാവ് പീക്കാ അവള്‍ ദൈവഭക്തയായിരുന്നു, 

പീക്കാ വലിയ പ്രസവവേദന സഹിച്ചുകൊണ്ടിരുന്നപ്പോള്‍ ആ വഴി വന്ന അപരിചിതനായ തീര്‍ത്ഥാടകന്‍ പറഞ്ഞു കാലിത്തൊഴുത്തില്‍ പോയി കിടന്നാല്‍ ക്ലേശമെന്യേ പ്രസവിക്കും. അവിടെ ഉണ്ടായിരുന്ന സ്ത്രീകള്‍ എത്രയും വേഗം പീക്കായെ കാലിത്തൊഴുത്തില്‍ കൊണ്ടുപോയി കിടത്തുകയും തല്‍ക്ഷണം അവള്‍ പ്രസവിക്കുകയും ചെയ്തുവെന്ന് ഒരു ഐതിഹ്യമുണ്ട്. ഇങ്ങനെ പിറവി മുതല്‍ ഫ്രാന്‍സിസ് ക്രിസ്തുവിനോട് സാമ്യമുള്ളവനായിത്തീർന്നു.

ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ ഇരുപതാമത്തെ വയസിൽ അസീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. 

തടവിൽ കഴിയുമ്പോൾ യേശുവിന്റെ ഒരു ദർശനം ഉണ്ടായത് ഫ്രാൻസിസിന്റെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ചു. തടവിൽ നിന്നും മോചനം ലഭിച്ചതിനു ശേഷം തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. 

തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച്‌ ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് പിതാവിന് കഠിനമായ എതിർപ്പുണ്ടായത് മൂലം അദ്ദേഹത്തെ കയ്യൊഴിയുകയും പിന്തുടര്‍ച്ചാവകാശത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.

തന്നെ തന്നെ താഴ്ത്തി കൊണ്ട് അദ്ദേഹം പഴകിയ പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു. ഭക്ഷണത്തിനായി തെരുവില്‍ യാചിച്ചു. ഫ്രാൻസിസിന്റെ ജീവിതവും വാക്കുകളും ധാരാളം പേരില്‍ സ്വാധീനിച്ചിരിന്നു. 1209-ൽ പാപ്പായുടെ അനുഗ്രഹത്തോടെ 'ഫ്രിയാർസ് മൈനർ' എന്ന സന്യാസ സഭ അദ്ദേഹം സ്ഥാപിച്ചു. പത്ത് വർഷത്തിനുള്ളിൽ ഏതാണ്ട് അയ്യായിരത്തോളം പേർ ഈ സഭയിൽ അംഗങ്ങളായി.

പിന്നീട് 1212-ൽ അസീസിയിലെ വിശുദ്ധ ക്ലാരയുമായി ചേർന്ന്‌ 'Poor Clares' എന്ന് ഇന്നറിയപ്പെടുന്ന 'പാവപ്പെട്ട മഹതികൾ' എന്ന സന്യാസിനീ സഭക്കടിസ്ഥാനമിട്ടു. കൂടാതെ അല്മായരേയും ഉൾപ്പെടുത്തികൊണ്ട് 'അനുതാപത്തിന്റെ മൂന്നാം സഭ' ക്കും അദ്ദേഹം രൂപം നൽകി. ഇദ്ദേഹത്തിനാണ് യേശുവിന്റെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ചത്‌. 224-ൽ ആയിരുന്നു ഇത്.

ഏറ്റവും എളിമയുള്ള ജീവിതം നയിച്ചിരുന്നതിനാൽ ഫ്രാൻസിസ് വൈദിക പട്ടം പോലും സ്വീകരിക്കാതെ ഒരു 'ഡീക്കൻ' ആയിട്ടാണ് ജീവിതകാലം മുഴുവൻ കഴിഞ്ഞത്. ദൈവത്തിന്റെ സൃഷ്ടികളായ സഹജീവികളോട് 'സഹോദരാ', 'സഹോദരീ' എന്നിങ്ങനെയായിരുന്നു അദ്ദേഹം അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷണമായ ദൈവസ്നേഹം 'സെറാഫിക്' എന്ന പേർ ഫ്രാന്‍സിസിന് നേടികൊടുത്തു.

കഠിനാദ്ധ്വാനവും തപസ്ചര്യകളും കൊണ്ട് ദുർബലമായിരുന്ന ഫ്രാൻസിസിന്റെ ശരീരത്തെ, പഞ്ചക്ഷതങ്ങൾ പിന്നെയും തളർത്തി. 1226 ഒക്ടോബർ 4ന് ഇറ്റലിയിലെ പോർച്യുങ്കുള എന്ന സ്ഥലത്ത് വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. ജീവിച്ചിരിക്കെ തന്നെ വിശുദ്ധനെന്നു പരക്കെ ഘോഷിക്കപ്പെട്ട ഫ്രാൻസിസ് വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നതിനു അധികം താമസമുണ്ടായില്ല. രണ്ട് വർഷത്തിനകം ഗ്രിഗറി ഒമ്പതാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.