ടോക്യോ: ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് ഉത്തര കൊറിയയുടെ പ്രകോപനം. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലാണ് പ്രാദേശിക സമയം ഇന്നു രാവിലെ 7:22 ന് വിക്ഷേപിച്ചത്. മിസൈല്‍ ജപ്പാനില്‍ നിന്നും 1860 മൈല്‍ അകലെ പസഫിക് സമുദ്രത്തില്‍ പതിച്ചതെങ്കിലും പരിഭ്രാന്തി പരത്തി. ഇതേത്തുടര്‍ന്ന് ജപ്പാനില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വടക്കന്‍ ജപ്പാനില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വെച്ചു. നിരവധി പേരെ ഒഴിപ്പിച്ച് ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി. വിമാന സര്‍വീസുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ അപലപിച്ചു. പ്രധാനമന്ത്രി ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തരയോഗം വിളിച്ചു. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തുമെന്ന് യു.എസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരകൊറിയയുടെ നടപടിക്ക് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്-യോള്‍ മുന്നറിയിപ്പ് നല്‍കി.
ഐക്യരാഷ്ട്ര സഭയുടെ മുഴുവന്‍ തത്ത്വങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ നിന്നും ഉത്തര കൊറിയയെ യു.എന്‍ നിരോധിച്ചിട്ടുള്ളതാണ്.
സഖ്യരാഷ്ട്രമായ അമേരിക്കയുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ ഉത്തരവിട്ടതായും അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു.
ഒക്ടോബര്‍ 16-ന് നടക്കാനിരിക്കുന്ന ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിന് സമീപദിവസങ്ങളിലായി പ്രകോപനമുണ്ടാകുമെന്നായിരുന്നു യു.എസ് മുന്നറിയിപ്പ്. ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ജപ്പാന്റെ കോസ്റ്റ് ഗാര്‍ഡും സ്ഥിരീകരിച്ചു. കപ്പലുകള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ദക്ഷിണകൊറിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ സംയുക്ത സൈനിക അഭ്യാസങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. ദക്ഷിണ കൊറിയയും ജപ്പാനും യു.എസും വെള്ളിയാഴ്ച സമുദ്രത്തില്‍ അന്തര്‍വാഹിനി അഭ്യാസം നടത്തിയിരുന്നു. ഇതാണ് ഉത്തരകൊറിയയെ പ്രകോപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.