തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പാക്കും; വ്യക്തമായ ഉത്തരം നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പാക്കും; വ്യക്തമായ ഉത്തരം നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്കായി നീക്കിവച്ച തുകയെക്കുറിച്ചും അത് എങ്ങനെ കണ്ടെത്തുമെന്നും കമ്മീഷനെ അറിയിച്ച ശേഷം മാത്രമേ വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കാവൂ എന്നാണ് പുതിയ നിര്‍ദ്ദേശം.

രാഷ്ട്രീയ പാര്‍ട്ടികളെ വോട്ടര്‍മാരോട് കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കുന്നതിന്റെ ഭാഗമായാണ് നിയമം പരിഷ്‌കരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ എങ്ങനെ നിറവേറ്റുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് പുതിയ നിര്‍ദേശം. ഈ മാസം 19നകം ഇത് സംബന്ധിച്ച് കമ്മീഷനെ അറിയിക്കാനും നിര്‍ദേശമുണ്ട്.

നടപ്പാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ നല്‍കി മാത്രമേ വോട്ടര്‍മാരുടെ വിശ്വാസം തേടാവൂ എന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. നിറവേറ്റപ്പെടാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പേരില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. പ്രകടനപത്രിക തയ്യാറാക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശമാണെന്ന കാഴ്ചപ്പാടിനോട് കമ്മിഷന്‍ തത്വത്തില്‍ യോജിക്കുന്നു.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനും നിഷ്പക്ഷത നിലനിര്‍ത്താനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നല്‍കിയ വാഗ്ദാനങ്ങളുടെ വിശദാംശങ്ങള്‍ തേടാതിരിക്കാന്‍ കഴിയില്ല. ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം രഹസ്യമായി സൂക്ഷിക്കും.

രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും അവരുടെ വാഗ്ദാനങ്ങള്‍ സംരക്ഷിക്കേണ്ടതും അവയ്ക്ക് എങ്ങനെ ധനസഹായം നല്‍കാന്‍ പദ്ധതിയിടുന്നെന്ന് വിശദമാക്കേണ്ടതാണെങ്കിലും ആ വിവരങ്ങള്‍ പുറത്തുവിടില്ല. അത്തരം പ്രഖ്യാപനങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സഹായകമാകുമെന്നതിനാലാണ് വിവരങ്ങള്‍ പുറത്തുവിടാതിരിക്കുന്നത് എന്നും കമ്മീഷന്‍ പറയുന്നു.

നല്‍കുന്ന വാഗ്ദാനങ്ങളുടെ പ്രയോജനം ലഭിക്കേണ്ടുന്ന ജനസംഖ്യ എത്ര പദ്ധതിയുടെ ഫലമായി ഉണ്ടാവുന്ന സാമ്പത്തിക സൂചനകള്‍ എന്തൊക്ക സാമ്പത്തിക സ്രോതസുകളുടെ വിവരങ്ങള്‍, സമ്പത്ത് സമാഹരിക്കാനുള്ള വഴികളും മാര്‍ഗങ്ങളും പോലുള്ള വിശദാംശങ്ങള്‍ എന്നിവയും പാര്‍ട്ടികള്‍ കൃത്യമായി നല്‍കണം.

നിശ്ചിത സമയത്ത് പാര്‍ട്ടികളില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കില്‍ ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് പ്രത്യേകമായി ഒന്നും പറയാനില്ലെന്ന് വിലയിരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കയച്ച കത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.