മസ്‌കിന് വീണ്ടും മനംമാറ്റം: മുന്‍ നിശ്ചയിച്ച പ്രകാരം ട്വിറ്ററിനെ ഏറ്റെടുക്കും

മസ്‌കിന് വീണ്ടും മനംമാറ്റം: മുന്‍ നിശ്ചയിച്ച പ്രകാരം ട്വിറ്ററിനെ ഏറ്റെടുക്കും

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ വിഷയത്തില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് വീണ്ടും മനംമാറ്റം. ആദ്യം വിലപറയുകയും പിന്നീട് പിന്‍മാറുകയും ചെയ്ത മസ്‌ക് ആദ്യം പറഞ്ഞ വിലയ്ക്ക് തന്നെ ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. ട്വിറ്റര്‍ കമ്പനിക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വില്‍പ്പന പാതിവഴിയില്‍ മുടങ്ങിയതിനെത്തുടര്‍ന്നു ട്വിറ്റര്‍ കേസുമായി കോടതിയില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണു മനംമാറ്റമെന്നാണു റിപ്പോര്‍ട്ട്. മസ്‌കിന്റെ കത്ത് കിട്ടിയതായി ട്വിറ്റര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു സ്ഥിരീകരിച്ചു. ഓഹരിക്ക് 54.20 ഡോളര്‍ (4415 രൂപ) എന്ന വിലയാണ് കരാര്‍ പ്രകാരം അംഗീകരിച്ചിരിക്കുന്നതെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ നല്‍കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മസ്‌കിന്റെ പിന്മാറ്റം. തന്റെ ട്വീറ്റുകള്‍ക്കുള്ള മറുപടികളില്‍ 90 ശതമാനവും 'ബോട്‌സ്' എന്ന പേരിലറിയപ്പെടുന്ന വ്യാജ അക്കൗണ്ടുകളില്‍ നിന്നാണെന്നതിന് സ്‌ക്രീന്‍ഷോട്ട് തെളിവും ഹാജരാക്കിയാണു ശതകോടീശ്വരന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ബിനാന്‍സ് സിഇഒ ചാങ്പെങ് ഷാവൊയുടെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍നിന്നുള്ള മറുപടിയായിരുന്നു മസ്‌ക് തെളിവായി എടുത്തുകാട്ടിയത്. എന്നാല്‍ വെറും 5 അഞ്ച് ശതമാനം അക്കൗണ്ടുകള്‍ മാത്രമാണ് ബോട്‌സുകളെന്ന നിലപാടാണു ട്വിറ്ററിന്.

വാങ്ങാനുള്ള തീരുമാനവുമായി മസ്‌ക് വീണ്ടും മുന്നോട്ടുവന്നതോടെ ട്വിറ്ററിന്റെ ഓഹരി വില കുതിച്ചുകയറി. ജൂലൈയിലാണ് ട്വിറ്റര്‍ വാങ്ങാനുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയായ ട്വിറ്റര്‍ ഉടമ്പടി പ്രകാരം മസ്‌കിന് സ്വന്തമാകുമ്പോള്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.