മലക്കംമറിഞ്ഞ് സുധാകരന്‍; ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ താന്‍ ആളല്ല

മലക്കംമറിഞ്ഞ് സുധാകരന്‍; ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ താന്‍ ആളല്ല

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഒടുവില്‍ തിരുത്തി. ഖാര്‍ഗെയ്ക്കാണ് കേരളത്തിന്റെ പിന്തുണയെന്ന് പറയാന്‍ താന്‍ ആളല്ലെന്നും ഓരോരുത്തരും അവരവരുടെ മനോധര്‍മ്മത്തിനനുസരിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തിന്റെ പിന്തുണ ഖാര്‍ഗെക്ക് ആണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശശി തരൂരുമായി നല്ല സൗഹൃദമാണുള്ളത്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. തിരഞ്ഞെടുപ്പിന്റെ പേരില്‍ തരൂരുമായുള്ള സൗഹൃദത്തിന് ഒരു അപകടവും സംഭവിക്കില്ല. കോണ്‍ഗ്രസ് ആണ് പാര്‍ട്ടി. ജനാധിപത്യം ഒരുപാട് കണ്ടവരാണ്. ഗാന്ധിജിയുടെ സ്ഥാനാര്‍ഥിയും നെഹ്റുവിന്റെ സ്ഥാനാര്‍ഥിയും തമ്മില്‍ മത്സരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ചരിത്രം അതാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

മത്സരവീര്യവും ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പുമാണ് രാഷ്ട്രീയപാര്‍ട്ടികളുടെ എല്ലാ കരുത്തിന്റെയും നിദാനം. കോണ്‍ഗ്രസ് അതിലേക്ക് പോകുമ്പോള്‍ അസൂയ വേണ്ടെന്നും സുധാകരന്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജനകീയതയും സംഘാടക ശേഷിയുള്ള ആളാണെന്നും കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമായ വ്യക്തിത്വമാണെന്നുമായിരുന്നു കെ.സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

കെപിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു അഭിപ്രായ പ്രകടനം ഉണ്ടായത് മറ്റ് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നായിരുന്നു തരൂര്‍ ക്യാമ്പിന്റെ ആരോപണം. മാത്രമല്ല സുധാകരന്റെ അഭിപ്രായത്തിന് മുകളില്‍ മറ്റുള്ളവര്‍ മറുത്തൊരു നിലപാട് കൈക്കൊള്ളാന്‍ മടിച്ചേക്കുമെന്ന അഭിപ്രായവും എതിര്‍ ക്യാമ്പില്‍ ഉയര്‍ന്നു.

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ പക്ഷംപിടിക്കുന്നുവെന്ന് ശശി തരൂര്‍ ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസ് ഭാരവാഹിത്വം വഹിക്കുന്നവര്‍ പരസ്യ പ്രചാരണത്തിനിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിട്ടും ചില നേതാക്കള്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തുകയാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടിയില്‍ മാറ്റത്തിനായാണ് താന്‍ മത്സരിക്കുന്നത്. ഖാര്‍ഗെയ്ക്ക് അനുകൂലമായി സുധാകരന്‍ നടത്തിയ പ്രസ്താവന വ്യക്തിപരമാണ്. വോട്ടെടുപ്പ് പൂര്‍ണമായും രഹസ്യാത്മകമായിരിക്കും. ആര് ആര്‍ക്ക് വോട്ട് ചെയ്‌തെന്ന് കണ്ടെത്താന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ആര്‍ക്കും അത് സംബന്ധിച്ച് ഭയം വേണ്ടതില്ലെന്നും മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യട്ടെ എന്നും തരൂര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.