സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് സൂപ്പര്‍ ഫാസ്റ്റിന് പിന്നിലിടിച്ച് മറിഞ്ഞ് ഒന്‍പത് മരണം; ഏഴ് പേരുടെ നില ഗുരുതരം

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിനോദ യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് സൂപ്പര്‍ ഫാസ്റ്റിന് പിന്നിലിടിച്ച് മറിഞ്ഞ് ഒന്‍പത് മരണം; ഏഴ് പേരുടെ നില ഗുരുതരം


പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം സ്‌കൂള്‍ കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിച്ചുമറിഞ്ഞ് ഒന്‍പതുപേര്‍ മരിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും മരിച്ചവരിലുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചവരില്‍ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളുമാണ് മരിച്ചത്. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഏഴോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു ടൂറിസ്റ്റ് ബസ്. 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. കൊട്ടാരക്കരയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിന് പിന്നില്‍ ഇടിച്ച് ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു.

അമിതവേഗതയിലായിരുന്നു ടൂറിസ്റ്റ്ബസെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സൂപ്പര്‍ ഫാസ്റ്റിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തിയപ്പോള്‍ രണ്ട് അധ്യാപകരും ഒരു വിദ്യാര്‍ഥിയുമടക്കം മൂന്നുപേര്‍ ബസിനടിയിലുണ്ടായിരുന്നു. കനത്ത മഴയെ അവഗണിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.


കൊല്ലം വള്ളിയോട് വൈദ്യന്‍കുന്ന് ശാന്തിമന്ദിരത്തില്‍ ഓമനക്കുട്ടന്റെ മകന്‍ അനൂപാണ് (22) പാലക്കാട് ജില്ലാ ആശുപത്രിയില്‍ മരിച്ചത്. വസ്ത്രത്തില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് പേരുവിവരം കിട്ടിയത്. ഇയാള്‍ സൂപ്പര്‍ഫാസ്റ്റിലെ യാത്രക്കാരനാണെന്ന് കരുതുന്നു. അധ്യാപകനായ വിഷ്ണുവും തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നുപേരുമാണ് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ മരിച്ചത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഹിത് രാജും (24) അപകടത്തില്‍ മരിച്ചു. സ്‌കൂള്‍ ജീവനക്കാരായ നാന്‍സി ജോര്‍ജ്, വി.കെ.വിഷ്ണു എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

തൃശ്ശൂരില്‍ ചികിത്സയിലുള്ളവര്‍: ഹരികൃഷ്ണന്‍ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തനുശ്രീ (15), ഹിന്‍ ജോസഫ് (15), ജനീമ (15), അരുണ്‍കുമാര്‍ (38), ബ്ലെസ്സന്‍ (18), എല്‍സില്‍ (18), എല്‍സ (18).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.