അപകടമുണ്ടാക്കിയത് ടൂറിസ്റ്റ് ബസിന്റെ അമിതവേഗം; ദുരന്തത്തിന്റെ ഞെട്ടലില്‍ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും

അപകടമുണ്ടാക്കിയത് ടൂറിസ്റ്റ് ബസിന്റെ അമിതവേഗം; ദുരന്തത്തിന്റെ ഞെട്ടലില്‍ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും

പാലക്കാട്: ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെയും ദൃക്‌സാക്ഷികളുടെയും വിവരണം. 80 കിലോമീറ്ററിന് മുകളില്‍ ചീറിപ്പാഞ്ഞുവന്ന ടൂറിസ്റ്റ് ബസ് സൂപ്പര്‍ ഫാസ്റ്റിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബസിന് വേഗത കൂടുതലല്ലേ എന്ന അധ്യാപകരുടെയും കുട്ടികളുടെയും ആശങ്കയും മുന്നറിയിപ്പും ഡ്രൈവര്‍ അവഗണിച്ചതാണ് ഒന്‍പതിലേറെ പേരുടെ ജീവന്‍ നഷ്ടപ്പെടാനിടയായ അപകടത്തിലേക്ക് വഴിവച്ചത്.

പുറപ്പെട്ട സമയം മുതല്‍ ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി ഏബല്‍ ഫിലിപ്പ് പറഞ്ഞു. വേഗക്കൂടുതലല്ലേ എന്നു ചോദിച്ചപ്പോള്‍ പരിചയസമ്പന്നനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറ്റു ബസ് ജീവനക്കാരുടെ മറുപടി. യാത്രയ്ക്കിടെ പലപ്പോഴും അപകടാവസ്ഥകളെ തരണം ചെയ്യേണ്ടിവന്നെങ്കിലും അത്തരം മുന്നറിയിപ്പുകളെ അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അധ്യാപകരും പറയുന്നു.

അതേസമയം, അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസാണ് അപകടം ഉണ്ടാക്കിയതെന്നാണ് കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ സുമേഷും കണ്ടക്ടര്‍ ജയകൃഷ്ണനും പറഞ്ഞത്. പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ എന്താണു സംഭവിച്ചതെന്നു മനസിലാക്കാന്‍ ഏറെ സമയമെടുത്തെന്ന് ഡ്രൈവര്‍ സുമേഷ് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണവിധേയമാക്കിയത്. ഇടിയുടെ ശക്തിയില്‍ ബസിന്റെ ഒരുഭാഗം മുഴുവന്‍ ടൂറിസ്റ്റ് ബസിന്റെ ഉള്ളിലേക്ക് കയറിപ്പോയി. കെഎസ്ആര്‍ടിസി ബസിന്റെ വലതുഭാഗത്തിരുന്നവര്‍ക്കാണ് ഗുരുതരമായ പരിക്കേറ്റത്. കടന്നുപോയ കാറുകളൊന്നും നിര്‍ത്താതിരുന്നപ്പോള്‍ അതുവഴി വന്ന പിക്കപ്പ് വാനിലാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്കെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ ഒപ്പം കഠിനമായി പ്രയത്നിച്ചുവെന്നും ഇരുവരും പറഞ്ഞു. 

ഡ്രൈവര്‍ ക്ഷിണിതനായിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന വെളിപ്പെടുത്തലുമായി രക്ഷിതാക്കളും രംഗത്തെത്തി. വേളാങ്കണ്ണിയാത്ര കഴിഞ്ഞയുടനാണ് ഊട്ടി യാത്രയ്്ക്കായി ഇവര്‍ വന്നത്. തുടര്‍ച്ചയായി ബസ് ഓടിച്ചതിന്റെ ക്ഷീണം ഡ്രൈവറുടെ മുഖത്ത് പ്രകടമായിരുന്നു. വൈകുന്നേരം 5.30ന് എത്തേണ്ടിയിരുന്ന ബസ് 6.45 ആയപ്പോഴാണ് സ്‌കൂള്‍ മുറ്റത്ത് വന്നത്. ഉടനെ തന്നെ കുട്ടികളെ കയറ്റി യാത്ര തുടരുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയ ശേഷം ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന അഞ്ചു വിദ്യാര്‍ഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. മറ്റു മൂന്നുപേര്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.