മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ക്രിമിനല്‍ സംഘം നടത്തിയ വെടിവയ്പ്പില്‍ മേയര്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. മെക്‌സിക്കോയിലെ സാന്‍ മിഗുവല്‍ ടോട്ടോലപാന്‍ നഗരത്തിലാണ് വെടിവയ്പ്പുണ്ടായത്. മേയര്‍ കോണ്‍റാഡോ മെന്‍ഡോസയാണ് വെടിയേറ്റു മരിച്ചത്. മെന്‍ഡോസയുടെ പിതാവും മുന്‍ മേയറുമായ ജുവാന്‍ മെന്‍ഡോസയുള്‍പ്പെടെയുള്ള മറ്റു നഗരസഭാ അധികൃതരും കൊല്ലപ്പെട്ടവരിലുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ലോസ് ടെക്വിലറോസ് എന്ന ക്രിമിനല്‍ സംഘം ഏറ്റെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തങ്ങളാണ് ആക്രമണം നടത്തിയതെന്ന് സംഘം വെളിപ്പെടുത്തിയത്. എന്നാല്‍ വെളിപ്പെടുത്തല്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സാന്‍ മിഗുവല്‍ ടോട്ടോലപാനിലെ സിറ്റി ഹാളിലേക്ക് ഇരച്ചെത്തിയ ക്രിമിനല്‍ സംഘം തുരുതുരെ വെടിവയ്ക്കുകയായിരുന്നു. കെട്ടിടത്തിന്റെ ചുമരുകളില്‍ നിരവധി വെടിയുണ്ടകളും പാടുകളും പതിഞ്ഞിട്ടുണ്ട്. കെട്ടിടത്തിന് മുന്നില്‍ രക്തം പുരണ്ട ശരീരങ്ങള്‍ നിലത്തു കിടക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മരിച്ചവരില്‍ പൊലീസ് ഉദ്യോഗസ്ഥരും കൗണ്‍സില്‍ പ്രവര്‍ത്തകരുമുണ്ട്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി മെക്‌സിക്കോയില്‍ തുടര്‍ച്ചയായി ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ സമാനമായ വെടിവയ്പ്പില്‍ 10 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2006 ഡിസംബര്‍ മുതല്‍ 3,40,000 കൊലപാതകങ്ങളാണ് മെക്‌സിക്കോയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മെക്‌സിക്കന്‍ സര്‍ക്കാര്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതിനു പിന്നാലെയാണ് വിവിധയിടങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.