0 തോര്‍ബേണിനെ വീണ്ടും നിയമിക്കണമെന്ന് ഫെഡറല്‍ പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ പ്രശസ്തമായ ഫൂട്ടി ക്ലബ്ബിന്റെ സി.ഇ.ഒ പദവി ഏറ്റെടുത്ത് 30 മണിക്കൂറിനകം രാജിവച്ച ആന്‍ഡ്രൂ തോര്‍ബേണിന് പിന്തുണയുമായി മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കോമെന്‍സോലി. സ്വവര്‍ഗരതിയെയും ഗര്‍ഭച്ഛിദ്രത്തെയും ശക്തമായി എതിര്‍ക്കുന്നയാളാണ് ആന്‍ഡ്രൂ തോര്‍ബേണ്‍. ഇദ്ദേഹം പെന്തക്കോസ്ത് സഭയുടെ ചെയര്‍മാനുമാണ്. തോര്‍ബേണിന്റെ നിയമനത്തിനെതിരേ വിക്‌ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഈ വിഷയത്തിലാണ് പ്രീമിയറുടെ നിലപാടുകള്‍ സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് കോമെന്‍സോലി പരസ്യമായി അഭിപ്രായപ്പെട്ടത്.
മതവിശ്വാസത്തിന്റെ പേരിലാണ് അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ ആന്‍ഡ്രൂ തോര്‍ബേണിന് എ.എഫ്.എല്‍ എസന്‍ഡണ്‍ ക്ലബിന്റെ തലപ്പത്തുനിന്ന് അപ്രതീക്ഷിതമായി രാജിവയ്‌ക്കേണ്ടി വന്നത്. സ്വവര്‍ഗാനുരാഗം, ഭ്രൂണഹത്യ എന്നിവയെ പരസ്യമായി അനുകൂലിക്കുന്ന കായിക ക്ലബില്‍ ജോലി ചെയ്യണമെങ്കില്‍ വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടിവരുമെന്ന സമ്മര്‍ദമുണ്ടായതോടെയാണ് ആന്‍ഡ്രൂ രാജിവച്ചത്. ഇത്തരം വിഷയങ്ങളെ ഇദ്ദേഹം പരസ്യമായി അപലപിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെയാണ് വിവാദമുയരുന്നത്. രണ്ട് നേതൃസ്ഥാനങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ തോര്‍ബേണിനോട് ക്ലബ് പ്രസിഡന്റ് ഡേവിഡ് ബര്‍ഹാം ആവശ്യപ്പെട്ടതോടെയാണ് രാജി.
ലിബറല്‍ പാര്‍ട്ടി നേതാക്കളായ, ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണും വിക്ടോറിയ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് മാത്യു ഗൈയും തോര്‍ബേണിന് പിന്തുണയുമായി രംഗത്തുവന്നു. തോര്‍ബേണിന്റെ രാജിയെ മതപരമായ പീഡനമെന്ന് ഇരുവരും വിശേഷിപ്പിച്ചു. ആന്‍ഡ്രൂ തോര്‍ബേണിനെ സി.ഇ.ഒ സ്ഥാനത്തേക്ക് വീണ്ടും നിയമിക്കണമെന്നും പീറ്റര്‍ ഡട്ടണ്‍ ആവശ്യപ്പെട്ടു.
ആന്‍ഡ്രൂ തോര്‍ബേണ്‍ പ്രതിനിധീകരിക്കുന്ന പെന്തക്കോസ്ത് സഭയുടെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും അത്തരത്തിലുള്ള നിലപാടുകള്‍ അസഹിഷ്ണുതയും വിദ്വേഷവും സൃഷ്ടിക്കുന്നുവെന്നുമാണ് വിക്‌ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസിന്റെ
വിചിത്രമായ അഭിപ്രായം.
അതേസമയം പ്രീമിയറുടെ ഭാഷ സമൂഹത്തില്‍ ഭിന്നിപ്പിനു കാരണമാകുമെന്നും ക്രൈസ്തവര്‍ക്കെതിരേ തിരിയാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വിശ്വാസികളായ സാധാരണക്കാര്‍ക്ക് മതവിശ്വാസം പരസ്യമായി ഉയര്‍ത്തിപ്പിടിക്കാനും നേതൃസ്ഥാനത്തിരിക്കാനും കഴിയുമോ എന്ന ചോദ്യമാണ് ഇത് അവശേഷിപ്പിക്കുന്നത്.
മതവിശ്വാസം തൊഴിലുമായി കൂട്ടിക്കുഴയ്ക്കുന്നത്
അപകടകരമായ പ്രവണതയെന്ന് തോര്‍ബേണ്‍
ഒരു വ്യക്തിയുടെ മതവിശ്വാസം അയാളുടെ തൊഴിലുമായി കൂട്ടിക്കുഴയ്ക്കുന്നത് അപകടകരമായ പ്രവണതയെന്ന് ആന്‍ഡ്രൂ തോര്‍ബേണ്‍. തിങ്കളാഴ്ചയാണ് തോര്‍ബേണിനെ ക്ലബ്ബിന്റെ സി.ഇ.ഒ പദവിയില്‍ നിയമിച്ചത്. എന്നാല്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നിയമനം വിവാദമായതോടെ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
നൂറുകണക്കിന് ആളുകളാണ് പിന്തുണ അര്‍പ്പിച്ച് തനിക്ക് സന്ദേശങ്ങള്‍ അയച്ചതെന്ന് തോര്‍ബേണ്‍ പറഞ്ഞു. തങ്ങള്‍ പിന്തുടരുന്ന മതവിശ്വാസം തൊഴില്‍ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയാണ് പലരും പങ്കുവച്ചത്. പല സന്ദേശങ്ങളിലും ഈ ആശങ്ക വ്യക്തമായിരുന്നു.
സഭ, പള്ളി, സിനഗോഗ് അല്ലെങ്കില്‍ ക്ഷേത്രവുമായുള്ള ബന്ധം ഒരു വ്യക്തിയെ ഒരു പദവിയില്‍ ഇരിക്കുന്നതില്‍ അയോഗ്യനാക്കുന്നു എന്നത് ദുഖകരവും അപകടകരവുമായ ഒരു പ്രവണതയാണ്. അത് സമൂഹത്തില്‍ സഹിഷ്ണുതയും ജോലിസ്ഥലങ്ങളില്‍ പങ്കാളിത്തവും കുറയ്ക്കുന്നു.
മെല്‍ബണിലെ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫിലിപ്പ് ഫ്രീയര്‍ തോര്‍ബേണെ പിന്തുണച്ച് പ്രസ്താവന ഇറക്കി. വ്യക്തിപരമായ മതവിശ്വാസം പ്രൊഫഷണല്‍ ജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഓരോരുത്തരും അവരുടെ മതവിശ്വാസത്തിന്റെ പേരിലല്ല, അവരുടെ പെരുമാറ്റത്തിന്റെയും ജോലിയിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടേണ്ടതെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്:ക്രൈസ്തവ മൂല്യങ്ങള്‍ ബലികഴിക്കാന്‍ സമ്മര്‍ദം; ഓസ്ട്രേലിയന്‍ ഫൂട്ടി ക്ലബ്ബിന്റെ സി.ഇ.ഒ പദവി ഒരു ദിവസത്തിനകം രാജിവച്ച് ആന്‍ഡ്രൂ തോര്‍ബേണ്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.