ബാങ്കോക്ക്: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേരുന്ന രണ്ടാം ഗ്ലോബൽ മീറ്റ് 2022 ഒക്ടോബർ 21,22,23 തീയതികളിൽ ബാങ്കോക്കിൽ വെച്ച് നടത്തപ്പെടുന്നു. ഈ സംഗമം സമുദായത്തിനും സഭയ്ക്കും ആഗോളതലത്തിൽ കൂടുതൽ ശക്തി പകരുമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു.
ഗ്ലോബൽ മീറ്റിന്റെ ലോഗോ പ്രകാശനകർമ്മം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഗോള സംഗമത്തിലൂടെ പുതിയ പ്രവർത്തന സാധ്യതകൾ തുറന്നിടുവാൻ കത്തോലിക്കാ കോൺഗ്രസിന് സാധിക്കും. വിവിധ രാജ്യങ്ങളിലേക്ക് കുടിയേറി പാർത്തിരിക്കുന്ന സമുദായങ്ങളെ കോർത്തിണക്കുവാൻ ഈ ആഗോള സംഗമം ഉപകരിക്കും. വിവിധ രാജ്യങ്ങളിലുള്ള വിദഗ്ദ്ധരായ സമുദായംഗങ്ങളെ ഒരുമിപ്പിക്കുന്നതിലൂടെ കൂടുതൽ വികസന സാധ്യതകളും, വളർച്ചയും, പുരോഗതിയും സമുദായാംഗങ്ങൾക്ക് കൈവരിക്കാനാകുമെന്ന് മാർ തറയിൽ അഭിപ്രായപ്പെട്ടു.
സഭയിലെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ള പ്രതിനിധി പിതാക്കന്മാരുടെയും സാമൂഹ്യ സാംസ്കാരിക നേതാക്കളുടെയും സമുദായ നേതാക്കളുടെയും സംഗമമായി ഗ്ലോബൽ മീറ്റ് മാറും. സമുദായം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളെക്കുറിച്ചും ഗ്ലോബൽ തലത്തിൽ സമുദായാംഗങ്ങളെ ഒരുമിപ്പിച്ചു നിർത്തുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വിവിധ ആളുകളുടെ കഴിവും സ്വാധീനവും സമുദായാംഗങ്ങൾക്ക് വേണ്ടി വിനിയോഗിക്കാവുന്ന സംരംഭങ്ങളെക്കുറിച്ചും ഗ്ലോബൽ മീറ്റിൽ ചർച്ച ചെയ്യും. കത്തോലിക്കാ കോൺഗ്രസ് കേന്ദ്ര കാര്യാലയത്തിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പറന്നിലം അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് ജോസഫ്, ട്രഷറർ ഡോ. ജോബി കാക്കശ്ശേരി, ഭാരവാഹികളായ ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ, രാജേഷ് ജോൺ, ടെസ്റ്റി ബിജു, തോമസ് പീടികയിൽ, അഡ്വ പി.റ്റി ചാക്കോ, ജോമി മാത്യു, ബേബി നെട്ടനാനിയിൽ, മാത്യു കല്ലടിക്കോട്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.