ഓസ്ലോ: ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബെലാറസ് സ്വദേശിയായ അലസ് ബിയാലിയാറ്റ്സ്‌കിയും രണ്ടു മനുഷ്യവകാശ സംഘടനകളും പങ്കിട്ടു. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
റഷ്യന്‍ സന്നദ്ധ സംഘടനയായ റഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ മെമ്മോറിയലിനും ഉക്രെയ്‌നിലെ മനുഷ്യവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉക്രെയ്ന്‍ ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസുമാണ് ബിയാലിയാറ്റ്സ്‌കിയുമായി പുരസ്‌കാരം പങ്കു വച്ച സംഘടനകള്‍.
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ധീരമായി പോരാടിയതിനാണ് ബെലാറസ് സ്വദേശിയായ അലസിനെ തേടി പുരസ്‌കാരം എത്തിയത്. 2020 മുതല്‍ വിചാരണ പോലുമില്ലാതെ തടവില്‍ കഴിയുകയാണ്. രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം പ്രധാനമായി പോരാടിയത്.
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി 1996 ല്‍ വിയാസ്ന എന്ന പേരില്‍ അദ്ദേഹം ഒരു സംഘടനയ്ക്ക് രൂപം നല്‍കി. രാഷ്ട്രീയ തടവുകാര്‍ നേരിടുന്ന പീഡനങ്ങള്‍ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംഘടനയുടെ പ്രവര്‍ത്തനം. തുടര്‍ച്ചയായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തടയാനുള്ള ശ്രമമാണ് ഭരണകൂടം നടത്തിയത്.
തടവിലായിരുന്നിട്ട് കൂടി ബെലാറസില്‍ ജനാധിപത്യം സ്ഥാപിക്കുന്നതിനും മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ഒരു ഇഞ്ച് പോലും വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി വിലയിരുത്തി.
ബിയാലിയാറ്റ്സ്‌കിയുമായി പുരസ്‌കാരം പങ്കു വച്ച ഇരു സംഘടനകളെയും അവാര്‍ഡിനായി തെരഞ്ഞെടുത്തത് റഷ്യ-ഉക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തിലാണ്. മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ഇരു സംഘടനകളും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.