സ്ട്രെയ്റ്റ് 8 ഫിലിം ഫെസ്റ്റിവലിന്റെ ടോപ്പ് 25 ൽ തിളങ്ങി മലയാള ചിത്രം '56 എപിഒ'

സ്ട്രെയ്റ്റ് 8 ഫിലിം ഫെസ്റ്റിവലിന്റെ ടോപ്പ് 25 ൽ തിളങ്ങി മലയാള ചിത്രം '56 എപിഒ'

യുകെയിലെ ലോകപ്രശസ്തമായ സ്ട്രെയ്റ്റ് 8 ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ച 150 ല്‍ ഏറെ എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ടോപ്പ് 25 ലിസ്റ്റിലേക്ക് ഒരു മലയാള ചിത്രവും ഇത്തവണ ഇടംപിടിച്ചിരിക്കുകയാണ്. അനൂപ് ഉമ്മന്‍ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ച '56 എപിഒ' ആണ് ആ ചിത്രം. 

ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ '56 എപിഒ' (ആര്‍മി പോസ്റ്റ് ഓഫീസ്) ഏറെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ആഷിക് അബുവും മൈഥിലിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യുദ്ധമുഖത്തുള്ള തന്‍റെ കാമുകന്‍റെ ഒരു കത്ത് പ്രതീക്ഷിച്ചിരിക്കുന്ന ഒരു പെണ്ണിന്‍റെ കഥയാണ് സിനിമ. പൂക്കള്‍ വില്‍ക്കുന്ന ആളാണ് ഈ കഥാപാത്രം. യുദ്ധങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഇടയിലുള്ള ചിത്രമാണ് ഇതെന്ന് സംവിധായകൻ അനൂപ് പറയുന്നു. 

ഡിജിറ്റലിന്‍റെ ഇക്കാലത്തും ഫിലിം റോളില്‍ ചിത്രീകരിച്ച സിനിമകള്‍ക്കായുള്ള ചലച്ചിത്രോത്സവങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട് അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്ട്രെയ്റ്റ് 8 ഫിലിം ഫെസ്റ്റിവൽ. 35 എംഎം, 16 എംഎം ഫോര്‍മാറ്റുകള്‍ക്കു പിന്നാലെ 1960 കളില്‍ എത്തി എണ്‍പതുകള്‍ വരെ ജനപ്രിയമായി തുടര്‍ന്ന സൂപ്പര്‍ 8 എംഎം ഫിലിം ഫോര്‍മാറ്റില്‍ ചിത്രീകരിക്കുന്ന ഹ്രസ്വ ചിത്രങ്ങള്‍ക്കായി നടത്തുന്ന ഫിലിം ഫെസ്റ്റിവലിന് ആരാധകർ ഏറെയാണ്.

സൂപ്പര്‍ 8 എംഎമ്മില്‍ എങ്ങനെയെങ്കിലും ചിത്രീകരിക്കുന്ന സിനിമകളല്ല ഈ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെടുക. മറിച്ച് അതിനു ചില നിബന്ധനകളുണ്ട്. എഡിറ്റിംഗോ ഫിലിം പ്രോസസിംഗോ അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ഒന്നുമില്ലാതെ ഒരു സിംഗിള്‍ ഷോട്ടില്‍ ഒരുക്കിയ ചിത്രമാണ് ഫെസ്റ്റിവലിലേക്ക് അയക്കേണ്ടത്. ഒരു സൗണ്ട് ട്രാക്ക് പോലും പ്രത്യേകമായാണ് അയക്കേണ്ടത്. സംവിധായകന്‍ ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ പ്രോസസിംഗ് ഫെസ്റ്റിവല്‍ സംഘാടകര്‍ തന്നെയാണ് നടത്തുന്നത്. ലണ്ടനിലെ പ്രശസ്തമായ സിനിലാബില്‍ ആണ് ഫെസ്റ്റിവല്‍ എന്‍ട്രികളുടെ പ്രോസസിംഗ്. 

ഫെസ്റ്റിവലിലെ പ്രീമിയര്‍ സമയത്തു മാത്രമേ സംവിധായകര്‍ പോലും ചെയ്‍ത സിനിമ അന്തിമ രൂപത്തില്‍ ആദ്യമായി കാണുകയുള്ളൂ. "സാധാരണ മേക്കിംഗ് രീതി ആണെങ്കില്‍ ഇതില്‍ വലിയ വെല്ലുവിളി ഒന്നുമില്ല. ഇഷ്ടംപോലെ കാന്‍ ഫിലിം ഉപയോഗിക്കാം. പക്ഷേ റീടേക്ക് ഇല്ലാതെ ഒരു പടം എടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. സ്ട്രെയ്റ്റ് 8 ഫിലിം ഫെസ്റ്റിവല്‍ 1999 ല്‍ ആരംഭിക്കുമ്പോള്‍ മുതല്‍ അതിലേക്ക് ഒരു സിനിമ അയക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ആസിഫ് കപാഡിയ അടക്കമുള്ളവരാണ് ഇത്തവണ അവിടുത്തെ ജൂറി. ലോകത്തെ 25 മികച്ച ചിത്രങ്ങളില്‍ ഒന്നായി മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെന്നത് വലിയ സന്തോഷം തരുന്ന ഒന്നാണെന്നും അനൂപ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.