'തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി നിര്‍ബന്ധമാക്കണം'; ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററികാര്യ സമിതി

'തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി നിര്‍ബന്ധമാക്കണം'; ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററികാര്യ സമിതി

ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാഭ്യാസത്തിനും ജോലിക്കും ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനൊരുങ്ങി ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററികാര്യ സമിതി. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും ആശയവിനിമയം ഹിന്ദിയിലാക്കും. ഇതുള്‍പ്പെടെ 112 ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററികാര്യ സമിതി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കി.

ആഭ്യന്തര മന്ത്രി അമിത് ഷായാണ് സമിതിയുടെ അധ്യക്ഷന്‍. കേന്ദ്ര സര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷ ഹിന്ദിയിലാക്കണമെന്ന് ശുപാര്‍ശയില്‍ പറയുന്നു. കേന്ദ്രീയ വിദ്യാലയങ്ങള്‍, ഐ.ഐ.ടികള്‍, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി നിര്‍ബന്ധിത പഠന മാധ്യമമാക്കും. സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ നിര്‍ബന്ധിത ഇംഗ്ലീഷിന് പകരം ഹിന്ദി പേപ്പറുകളാക്കും. കൂടാതെ ഐക്യരാഷ്ട്രസഭയില്‍ ഹിന്ദി ഔദ്യോഗിക ഭാഷയാക്കും.

മനപൂര്‍വം ഹിന്ദി ഭാഷ ഉപയഗിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരക്കാര്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിക്കും. ജോലികളില്‍ ഹിന്ദി പ്രാവീണ്യമുള്ളവര്‍ക്ക് പ്രത്യേകം അലവന്‍സ് നല്‍കാനും സമിതി ശുപാര്‍ശ ചെയ്യുന്നു.

ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലെ ഹൈകോടതി മുതല്‍ കീഴ്‌കോടതികള്‍ വരെയുള്ള മറ്റു കോടതികള്‍, ഔദ്യോഗിക രേഖകള്‍ എന്നിവയെല്ലാം ഹിന്ദിയിലേക്ക് മാറ്റണം എന്നിവയാണ് ഭാഷാ സമിതിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ ചില ശുപാര്‍ശകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.