പുതിയ തെളിവുകള്‍ കിട്ടി; കൂടുതല്‍ ചോദ്യം ചെയ്യണം: ജയിലില്‍ കഴിയുന്ന നാല് പി.എഫ് ഐ നേതാക്കള്‍ വീണ്ടും എന്‍.ഐ.എ കസ്റ്റഡിയില്‍

പുതിയ തെളിവുകള്‍ കിട്ടി; കൂടുതല്‍ ചോദ്യം ചെയ്യണം: ജയിലില്‍ കഴിയുന്ന നാല് പി.എഫ് ഐ  നേതാക്കള്‍ വീണ്ടും എന്‍.ഐ.എ കസ്റ്റഡിയില്‍

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിനെ തുടര്‍ന്ന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നാല് പ്രതികളെ വീണ്ടും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു.

പോപ്പുലര്‍ ഫ്രണ്ട് സോണല്‍ സെക്രട്ടറി ഷിഹാസ്, സി.ടി.സുലൈമാന്‍, സൈനുദ്ദീന്‍, സാദിഖ് അഹമ്മദ് എന്നിവരെയാണ് ഈ മാസം 15 വരെ കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി കസ്റ്റഡിയില്‍ വിട്ടത്. കേസുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയെ സമീപിച്ചത്.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 14 പേരാണ് അറസ്റ്റിലായത്. ഇവരെയെല്ലാം നേരത്തെ ചോദ്യം ചെയ്ത ശേഷം ജയിലിലേക്ക് തിരിച്ചയച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ എന്‍.ഐ.എ സംഘം വിശദമായി ചോദ്യം ചെയ്തു.

പ്രതികളില്‍നിന്ന് പിടിച്ചെടുത്ത രേഖകളും പരിശോധിച്ചു. സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള രേഖകളിലാണ് വിശദമായ പരിശോധന നടന്നത്. ഈ പരിശോധനയില്‍ കണ്ടെടുത്ത പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ എന്‍.ഐ.എ തീരുമാനിച്ചത്.

അതിനിടെ, എന്‍.ഐ.എ കേസില്‍ ജാമ്യം തേടി പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവായ ഇ. അബൂബക്കര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

തന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചികിത്സാ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.