'കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടു'; എല്‍.ടി.ടി.ഇ അനുകൂല നീക്കത്തില്‍ പിടിയിലായ യുവാക്കളുടെ മൊഴി

'കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടു'; എല്‍.ടി.ടി.ഇ അനുകൂല നീക്കത്തില്‍ പിടിയിലായ യുവാക്കളുടെ മൊഴി

ചെന്നൈ: കേരളത്തിൽ നിന്ന് തമിഴ്‌നാടിന് അവകാശപ്പെട്ട വെള്ളം നേടിയെടുക്കാൻ സംസ്ഥാനത്ത് ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടതായി എൽ.ടി.ടി.ഇ ബന്ധത്തിന്റെ പേരിൽ പിടിയിലായ യുവാക്കളുടെ മൊഴി. സേലത്തെ ചെട്ടിച്ചാവഡിയിൽ വീടു വാടകയ്ക്കെടുത്താണ് ആയുധനിർമാണം നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത നവീൻ ചക്രവർത്തി(24), സഞ്ജയ് പ്രകാശ്(25) എന്നിവർ മൊഴി നൽകി.

എൽ.ടി.ടി.ഇ. പ്രവർത്തകർ സയനൈഡ് ക്യാപ്‌സൂൾ കരുതിയിരുന്നതുപോലെ ഇവർ വിഷക്കായകളുടെ സത്ത് സൂക്ഷിച്ചിരുന്നെന്നും എൻ.ഐ.എ. പറയുന്നു. ഇവരുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും കഴിഞ്ഞയാഴ്ച എൻ.ഐ.എ. റെയ്ഡ് നടത്തിയിരുന്നു.

ലോക തമിഴ് നീതിന്യായക്കോടതി എന്ന പേരിൽ ഒരു പ്രസ്ഥാനം തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായി നവീനും സഞ്ജയും സമ്മതിച്ചിട്ടുണ്ടെന്ന് എൻ.ഐ.എ പറഞ്ഞു. അനധികൃത പാറമടകൾക്കും മയക്കുമരുന്നു കടത്തുകാർക്കും സ്ത്രീപീഡകർക്കും നേരെ ഒളിയാക്രമണങ്ങൾ നടത്തുകയെന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം.

നാടൻതോക്കും തിരകളും വാക്കിടോക്കിയും കൈവശം വെച്ചതിന് ഈവർഷം മേയിലാണ് ഇരുവരെയും ഓമലൂർ പോലീസ് അറസ്റ്റു ചെയ്തത്. തീവ്രവാദബന്ധമുണ്ടെന്ന സംശയത്തിൽ അന്വേഷണം എൻ.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.

കൊല്ലപ്പെട്ട എൽ.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ചിത്രങ്ങളും എൽ.ടി.ടി.ഇ.യെക്കുറിച്ചുള്ള പുസ്തകങ്ങളും ആയുധ നിർമാണത്തിനുള്ള സാമഗ്രികളും ഇവരുടെ താവളത്തിൽനിന്നു കണ്ടെടുത്തതായി എൻ.ഐ.എ. അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.