ഇന്ത്യൻ സിനിമയുടെ ഭാവസാമ്രാട്ട് അമിതാബ് ബച്ചൻ 80 ന്റെ നിറവിൽ

ഇന്ത്യൻ സിനിമയുടെ ഭാവസാമ്രാട്ട് അമിതാബ് ബച്ചൻ 80 ന്റെ നിറവിൽ

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ. ഇന്ത്യൻ ചലച്ചിത്രമേഖലയിൽ ഏറ്റവും സ്വാധീനമുള്ള അഭിനേതാവ് . എഴുപതുകളിൽ തുടങ്ങിയ ചലച്ചിത്രയാത്ര ഇന്നും തുടരുകയാണ്.

ശബ്ദസൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച യുവാവ്, അമിതാഭ് ശ്രീവാസ്തവ ബച്ചൻ എന്ന അമിതാഭ് ബച്ചൻ അതേ ശബ്ദത്തിന്‍റെ ശുദ്ധിയും ഗാംഭീര്യവും പേറിയാണ് ഇന്ത്യൻ സിനിമയിലെ ചക്രവർത്തി കസേരയിലേക്ക് ആദ്യ ചുവട് വെച്ചത്. കവിയായ ഹരിവംശ് റായ് ബച്ചന്‍റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്‍റെയും മൂത്ത പുത്രന്‍റെ ആദ്യ സിനിമാ വേഷം മൃണാൾ സെന്നിന്‍റെ വിഖ്യാതമായ 'ഭുവൻ ഷോ'മിന്‍റെ ആഖ്യാതാവായിട്ട്. കഥാപാത്രമായുള്ള അരങ്ങേറ്റം കെ എ അബ്ബാസിന്‍റെ 'സാത് ഹിന്ദുസ്ഥാനി' യിൽ. ഉത്പൽ ദത്ത്, മധു, അൻവർ അലി, ജലാൽ ആഗ തുടങ്ങിയ പ്രമുഖർക്കൊപ്പം തുടക്കക്കാരന്‍റെ ആകുലതകളില്ലാതെ അമിതാഭ് അഭിനയിച്ചു. മെലിഞ്ഞു നീണ്ട പുതിയ നടൻ പ്രേക്ഷക പ്രിയം നേടുന്നത് ഹൃഷികേശ് മുഖർജിയുടെ 'ആനന്ദി'ൽ. അന്നത്തെ സൂപ്പർതാരം രാജേഷ് ഖന്നയുടെ നായക കഥാപാത്രത്തിന്‍റെ സ്നേഹിതനായെത്തിയ ഡോക്ടർ ഭാസ്കറായി അമിതാഭ് മിന്നി.

അമിതാഭിനെ ക്ഷോഭിക്കുന്ന യുവത്വത്തിന്‍റെ സിനിമാ മുഖമാക്കിയത് സഞ്ജീ‍ർ ആണ്. സലീം ജാവേദ് ജോഡിയും അമിതാഭും പിന്നീടും നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചു. യാഷ് ചോപ്രക്കൊപ്പം പ്രണയ നായകനായി തിളങ്ങിയ സിനിമകൾ വേറെ. 'ഷോലെ', 'നമക് ഹരം', 'അമർ അക്ബർ ആന്‍റണി', 'കഭീ കഭീ', 'അഭിമാൻ', 'മജ്ബൂർ', 'ചുപ്കെ ചുപ്കെ', 'ദീവാർ', 'മിസ്റ്റർ നടവ്ർ ലാൽ' അങ്ങനെ അങ്ങനെ... പല തരം സിനിമകളിൽ നായകനായും ഒന്നിലധികം നായകരിൽ ഒരാളായും എല്ലാം ബച്ചൻ ബോളിവുഡ് വാണു.

82-ൽ 'കൂലി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് അദ്ദേഹം മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു. എന്നാല്‍, തൊട്ടുമുന്നിൽ വന്നു നിന്ന മരണത്തെ തോൽപിച്ച് ബച്ചൻ അഭ്രപാളിയിലേക്ക് തിരിച്ചെത്തി. പ്രാർത്ഥനകളുമായി കഴിഞ്ഞ ആരാധക ലോകം അദ്ദേഹത്തിന്‍റെ മടങ്ങിവരവ് ഉത്സവമാക്കി. രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനെടുത്ത ഇടവേളക്ക് ശേഷം ബച്ചൻ, തന്‍റെ അഭിനയത്തിലേക്ക് തിരിച്ചെത്തി. മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്കാരം 'അഗ്നിപഥി'ലൂടെ കിട്ടിയത് ഒഴിച്ച് നിർത്തിയാൽ ബച്ചന്‍റെ അഭിനയ ജീവിതത്തിലെ തിളക്കം കുറഞ്ഞ ഒരേടായിരുന്നു ആ കാലഘട്ടം. വീണ്ടുമൊരു തിരിച്ചുവരവിന് ബച്ചൻ കോപ്പുകൂട്ടുകയായിരുന്നു അക്കാലയളവില്‍ എന്ന് അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിന്‍റെ മൂന്നാം ഘട്ടം തെളിയിച്ചു. പ്രായത്തിന് ചേരുന്ന വിവിധ കഥാപാത്രങ്ങളുമായി ബച്ചൻ ശരിക്കും മിന്നി. 'ബ്ലാക്കും' 'പാ'യും' 'പീകു'വും പിന്നെയും എത്തിച്ചു ദേശീയ പുരസ്കാരങ്ങൾ. അതും പോരാഞ്ഞ് ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ. മൂന്ന് പദ്മ അവാര്‍ഡുകള്‍. പ്രതിഭയ്ക്കും കഠിനാധ്വാനത്തിനും ആദരമായി തേടിയെത്തിയ അംഗീകാരങ്ങൾ അങ്ങനെ നിരവധി.

ജീവിതത്തിലെ ഉയർച്ച താഴ്ചകൾ തിരിച്ചടിയായപ്പോഴും അവയെല്ലാം മറികടന്ന് ഊർജസ്വലനായി മടങ്ങി വരുന്ന അമിതാഭിനെ പ്രേക്ഷകർ കണ്ടു.
1984 ൽ ബച്ചൻ അഭിനയത്തിൽ നിന്ന് താൽക്കാലികമായി വിരമിക്കുകയും രാജീവ്ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തിൽ എത്തിക്കുകയും 1984-ൽ ഇദ്ദേഹം അലഹാബാദിൽ നിന്ന് ലോകസഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പദ്മശ്രീയും പദ്മഭൂഷനും, പദ്മവിഭൂഷനും, ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരവും നൽകി രാജ്യം ആദരിച്ച അതുല്യനടൻ. എണ്ണമറ്റ ദേശീയ അവാർഡുകളും ഫിലിം ഫെയർ അവാർഡുകളും. ഓരോ ഇന്ത്യക്കാരനും അഭിമാനമായ ശബ്ദം, ഏവരെയും പ്രചോദിപ്പിക്കുന്ന അഭിനയം. അമിതാഭ് ബച്ചന് ജന്മദിനാശംസകൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.